പദ്ധതി നിർവഹണത്തിൽ കോർപറേറ്റുകൾക്ക് പങ്കാളിത്തം വേണമെന്ന് നവാസ് മീരാൻ

Posted on: January 8, 2016

Eastern-Navas-Meeran-Big

കൊച്ചി : റോഡുകളുടെയും പൊതു സ്ഥലങ്ങളിലെയും സൗന്ദര്യവത്ക്കരണത്തിൽ മാത്രമല്ല, പദ്ധതി നിർവഹണത്തിൽ കൂടി കോർപറേറ്റുകളെ പരിഗണിക്കണമെന്ന് ഈസ്‌റ്റേൺ ഗ്രൂപ്പ് എം.ഡി. നവാസ് മീരാൻ. സോഷ്യൽ ഓഡിറ്റിനെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എതിർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വൈറ്റില, കുണ്ടന്നൂർ ഫ്‌ളൈ ഓവറുകൾ തങ്ങളെ ഏൽപ്പിച്ചാൽ ഇപ്പോഴത്തെ എസ്റ്റിമേറ്റിന്റെ പകുതി ചെലവിൽ ആറ് മാസം കൊണ്ട് പൂർത്തിയാക്കി തരാമെന്നും നവാസ് മീരാൻ പറഞ്ഞു. വയബിലിറ്റി ഗ്യാപ്, ഗ്യാപ്പ് ഫണ്ടിംഗ് വേണ്ടെന്ന് വെച്ചാൽ ടോൾ ഒഴിവാക്കാനും കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ നിർമാണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിക്കുന്ന കൊച്ചി വികസന സംഗമത്തിന് മുന്നോടിയായി നടക്കുന്ന മീറ്റ് ദി പ്രസ് പരമ്പരയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നവാസ് മീരാൻ.

സാറ്റലൈറ്റ് നഗര വികസനമാണ് കൊച്ചിക്ക് ആവശ്യം. സ്വയം കേന്ദ്രീകൃത സാറ്റലൈറ്റ് നഗരങ്ങൾ വന്നാലേ ഇനിയുള്ള വികസനം സാധ്യമാകൂ. കാക്കനാട് പോലെയുള്ള സ്ഥലങ്ങളിൽ വില കുറവായിരുന്നപ്പോൾ സ്ഥലം ഫ്രീസ് ചെയ്യാൻ കഴിയാതിരുന്നതാണ് വികസനത്തിന് ഇപ്പോൾ സ്ഥലം ലഭിക്കാതെ വരുന്നതിന് കാരണം. ഭാവി മുൻ കൂട്ടി കണ്ടു സ്ഥലം ഫ്രീസ് ചെയ്യാനും വികസന പദ്ധതികൾ ആസൂത്രണം ചെയ്യാനും കഴിയാതെ പോയി.

മാലിന്യ നിർമാർജനം കടുത്ത വെല്ലുവിളിയാണ്. ബ്രഹ്മപുരം പ്ലാന്റ് അടുത്ത ഏതാനും വർഷത്തേക്ക് മാത്രമേ ഉപകാരപ്പെടൂ. പുതിയ കേന്ദ്രീകൃതമായതോ മൊബൈൽ മാലിന്യ സംസ്‌കരണ സംവിധാനം വേണം. വാഹന മലിനീകരണത്തെക്കാൾ ഭീകരമാണ് റോഡ് ,മലിനീകരണമെന്നും റോഡിലെ പൊടിയും ടയറിന്റെ പൊടിയും ക്യാൻസറിനു വരെ കാരണമാകുന്നു. ദിവസവും റോഡ് വാക്വം ചെയ്യാൻ സംവിധാനം ഏർപ്പെടുത്തണം. മെട്രോ റെയിലിന്റെ നേട്ടം പ്രയോജനപ്പെടണമെങ്കിൽ ആവശ്യമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണം.

ജനറേറ്റർ ഉപയോഗം കുറയ്ക്കണം. സിംഗിൾ ബ്ലേഡ് വിൻഡ് മില്ലുകൾ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാൽ ജനങ്ങൾക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കാം. ഇത് സ്ഥാപിക്കാൻ ചെലവ് കുറവാണ്. അതിനാൽ ഓരോ ഉപഭോക്താവിനും അധിക വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതി ബോർഡ് ഇങ്ങോട്ട് പണം തരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭക്ഷ്യ മേഖലയിൽ പ്രീ കുക്ക്ഡ് ഉത്പന്നങ്ങൾക്ക് ഭാവിയിൽ ആവശ്യക്കാർ ഏറെയുണ്ടാകും. ഏറ്റവും എളുപ്പം ലഭിക്കുന്ന ഭക്ഷണങ്ങൾക്ക് വൻ വിപണി സാധ്യതയുണ്ട്. കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധ വ്യഞ്ജനങ്ങളുടെ ഉത്പാദനം കേരളത്തിൽ കുറഞ്ഞ് വരികയാണെന്നും എന്നാൽ വീടുകളിൽ തങ്ങളുടെ ആവശ്യത്തിന് വേണ്ടി മാത്രം ഹൈബ്രിഡ് ചെടികൾ വളർത്തുന്നവർ ഏറെയുണ്ടെന്നും നവാസ് മീരാൻ പറഞ്ഞു.