ഭക്ഷ്യ-കാർഷിക മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് സഹായവുമായി ഈസ്റ്റേൺ

Posted on: May 2, 2015

Eastern-Navas-Meeran-Big

കൊച്ചി : ഭക്ഷ്യ-കാർഷിക മേഖലകളിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഈസ്റ്റേൺ ഗ്രൂപ്പ് രംഗത്ത്. ഇതിനായി 125 കോടി രൂപയുടെ ക്യാപ്അലെഫ് ഇന്ത്യൻ മിലേനിയം ഫണ്ട് ഈസ്റ്റേൺ സ്‌പോൺസർ ചെയ്തുകഴിഞ്ഞു. ഭക്ഷ്യവ്യവസായത്തിലും പ്രൈവറ്റ് ഇക്വിറ്റി രംഗത്തും വർഷങ്ങളുടെ പരിചയമുള്ള ക്യാപ്അലെഫ് മേധാവി ജോർജ് തോമസിന്റെ വൈദഗ്ദ്ധ്യവും കൂടി ഉപയോഗിച്ചാണ് ഈസ്‌റ്റേൺ ഈ രംഗത്ത് മുതൽമുടക്കാൻ തീരുമാനിച്ചിട്ടുള്ളത്.

ഭക്ഷ്യവിതരണ ശൃംഖലയെ ശക്തിപ്പെടുത്താൻ ഉതകുന്ന നൂതനാശയങ്ങളാണ് ആവശ്യമെന്ന് ഈസ്റ്റേൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു. ഗുണനിലവാരമുള്ളതും ബ്രാൻഡുമായ ഭക്ഷ്യവസ്തുക്കളാണ് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്. അത്തരത്തിലുള്ള സംരംഭങ്ങളുടെ ഭാവി സാധ്യതകൾ ഉപയോഗിക്കാൻ തയാറാകുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് ഈസ്റ്റേണിന്റെ ലക്ഷ്യമെന്ന് ചെയർമാൻ നവാസ് മീരാൻ പറഞ്ഞു.

ഇപ്പോൾ പ്രതിമാസം 4000 ടൺ സുഗന്ധവ്യഞ്ജനങ്ങളാണ് ഈസ്റ്റേൺ ഇന്ത്യയിൽ വിറ്റഴിക്കുന്നത്. 800 ടൺ കയറ്റുമതി നടത്തുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം വിറ്റുവരവിൽ 18 ശതമാനം വർധന കൈവരിച്ചു. കയറ്റുമതിയിൽ 19 ശതമാനം വളർച്ചയും നേടി. അടുത്തവർഷം ഇവ യഥാക്രമം 60 ഉം 65 ഉം ശതമാനത്തിൽ എത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് നവാസ് മീരാൻ പറഞ്ഞു.