ഈസ്റ്റേണിനെ നോർവേയിലെ ഓർക്കല ഏറ്റെടുക്കുന്നു

Posted on: September 5, 2020

കൊച്ചി : ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സിനെ നോർവേയിലെ ഓർക്കല ഫുഡ്‌സ് ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഓർക്കലയുടെ ഉടമസ്ഥതയിൽ ബംഗലുരുവിലുള്ള എം ടി ആർ ഫുഡ്‌സ് മുഖേനയായിരിക്കും ഏറ്റെടുക്കൽ. ഈസ്റ്റേണിന് 2000 കോടി രൂപ മൂല്യം കണക്കാക്കിയാണ് ഇടപാട്. ഈസ്റ്റേണിൽ ചെയർമാൻ നവാസ് മീരാനും മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാനും കുടുംബത്തിനും 74 ശതമാനം ഓഹരികളാണുള്ളത്. ശേഷിക്കുന്ന 26 ശതമാനം യുഎസിലെ മക്‌കോർമിക്കിന്റേതാണ്. മീരാൻ കുടുംബത്തിന്റെ 41.8 ശതമാനം ഓഹരികളും മക് കോർമിക്കിന്റെ 26 ശതമാനം ഓഹരികളും ഓർക്കല വാങ്ങും.

ഓർക്കല ഓഹരികൾ വാങ്ങുന്നത് കാഷ് ഡീലും, എംടിആർ – ഈസ്‌റ്റേൺ ലയനം ഓഹരിപങ്കാളിത്ത ഇടപാടുമായിരിക്കും. അതായത് മീരാൻ കുടുംബത്തിന് ശേഷിക്കുന്ന 32.2 ശതമാനം ഓഹരികൾക്ക് പകരമായി പുതിയ കമ്പനിയിൽ 9.99 ശതമാനം ഓഹരികൾ ലഭിക്കും.

ഈസ്റ്റേൺ കോണ്ടിമെന്റ്‌സിന് ഇപ്പോൾ 900-1000 കോടി രൂപ വിറ്റുവരവുണ്ട്. നാല് സംസ്ഥാനങ്ങളിലായി 7 ഉത്പാദന കേന്ദ്രങ്ങളുമുണ്ട്. കറിപൗഡറുകൾക്ക് പുറമെ റെഡി ടു ഈറ്റ് വിഭവങ്ങൾ, തേയില, അച്ചാർ തുടങ്ങി വിപുലമായി ഭക്ഷ്യോത്പന്നങ്ങൾ ഈസ്റ്റേൺ ബ്രാൻഡിലുണ്ട്. സുഗന്ധവ്യഞ്ജന ഉത്പന്ന കയറ്റുമതി രംഗത്തും ഈസ്റ്റേൺ മുൻനിരയിലുണ്ട്. മോഹൻലാൽ ടേസ്റ്റ് ബഡ്‌സിനെ 2007 ൽ ഈസ്‌റ്റേൺ ഏറ്റെടുത്തിരുന്നു. വിൻഡ് എനർജി, ട്രെഡ് റബർ, വിദ്യാഭ്യാസം, കിടക്ക നിർമ്മാണം, അഫോഡബിൾ ഹൗസിംഗ് തുടങ്ങിയ മേഖലകളിലും ഈസ്റ്റേണിന് സാന്നിധ്യമുണ്ട്.

യു എസ് കമ്പനിയായ മക്‌കോർമിക് 2010 ൽ ആണ് 35 ദശലക്ഷം ഡോളർ മുടക്കി ഈസ്‌റ്റേണിന്റെ 26 ശതമാനം ഓഹരികൾ വാങ്ങിയത്. മക്‌കോർമിക്ക് കഴിഞ്ഞ വർഷം മുതൽ അവരുടെ ഓഹരികൾ വിൽക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

ഓർക്കല 2007 ൽ ആണ് എം ടി ആർ ഫുഡ്‌സിനെ ഏറ്റെടുത്തത്. ബംഗലുരുവിലും പൂനെയിലും പ്ലാന്റുകളുള്ള എം ടി ആറിന് 32 രാജ്യങ്ങളിൽ വിപണിയുണ്ട്.