സിയാല്‍ : ആഭ്യന്തര യാത്രക്കാര്‍ക്ക് നേരത്തെ ചെക്-ഇന്‍ ചെയ്യാന്‍ സൗകര്യം

Posted on: June 25, 2019

നെടുമ്പാശ്ശേരി : യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചുവരുന്നതിനാല്‍ കൊച്ചി വിമാനത്താവളത്തില്‍ ചെക്-ഇന്‍ ചെയ്യാനുള്ള സമയം വര്‍ധിപ്പിച്ചു. ആഭ്യന്തര യാത്രക്കാര്‍ക്ക് 25 മുതല്‍ വിമാനം പുറപ്പെടല്‍ സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് ചെക്-ഇന്‍ ചെയ്യാം.

കൊച്ചി വിമാനത്താവളത്തില്‍ പ്രതിദിനം മുപ്പതിനായിരത്തോളം പേര്‍ യാത്ര ചെയ്യുന്നുണ്ട്. ആഭ്യന്തര ചെക്-ഇന്‍ കൗണ്ടറുകള്‍, വിമാന പുറപ്പെടല്‍ സമയത്തിന് രണ്ടുമണിക്കൂര്‍ മുമ്പാണ് സാധാരണ പ്രവര്‍ത്തിച്ചു തുടങ്ങുക. ഇതിലും നേരത്തെ എത്തുന്നവരെ സി.ഐ.എസ്.എഫ് ചെക്-ഇന്‍ മേഖലയിലേക്ക് കടത്തിവിടാറില്ല.
തീവ്രവാദ ആക്രമണ പശ്ചാത്തലത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശപ്രകാരം സുരക്ഷാ പരിശോധന അതീവ കര്‍ശനമാക്കിയിട്ടുണ്ട്. സുരക്ഷാ പരിശോധനയ്ക്ക് കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ സുരക്ഷാ പരിശോധനാ ഹാളില്‍ വന്‍ തിരക്കാമ് അനുഭവപ്പെടുന്നത്.

അവസാന നിമിഷം എത്തുന്നവര്‍ക്ക് ഗേറ്റുകളിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യം പലപ്പോഴുമുണ്ടാകുന്നു ഈ സാഹചര്യത്തിലാണ് ചെക്-ഇന്‍ കൗണ്ടറുകള്‍ നേരത്തെ തുറക്കാന്‍ സിയാല്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

25 മുതല്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് മൂന്ന് മണിക്കൂര്‍ മുമ്പുതന്നെ ടെര്‍മിനലിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയും. ആഭ്യന്തര യാത്രക്കാര്‍ സുരക്ഷാ പരിശോധനാ ഹാളിലെ അവസാന നിമിഷം തിരക്ക് ഒഴിവാക്കാന്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സിയാല്‍ ആഭ്യര്‍ഥിച്ചു. അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള ചെക് ഇന്‍ കൗണ്ടറുകള്‍ മൂന്ന് മണിക്കൂര്‍ മുമ്പുതന്നെ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന നിലവിലെ സ്ഥിതി തുടരും.

TAGS: Cial |