ഊർജ മേഖലയിൽ വ്യക്തമായ രൂപരേഖ അനിവാര്യമെന്ന് ബി.അശോക്

Posted on: March 12, 2019

കെ എം എ വാർഷിക ദേശീയ മാനേജ്‌മെൻറ് കൺവൻഷൻ കൊച്ചിയിൽ രത്‌നഗിരി റിഫൈനറി ആൻഡ് പെട്രോ കെമിക്കൽസ് എംഡി ബി. അശോക് ഉദ്ഘാടനം ചെയ്യുന്നു. ദീനാനന്ദ് കോൽക്കൻ, ബി. മുത്തുരാമൻ, ദിനേശ് തമ്പി, ജോർജ് ആന്റണി, ജിബു പോൾ എന്നിവർ സമീപം.

കൊച്ചി : കേരള മാനേജ്‌മെൻറ് അസോസിയേഷൻ മുപ്പത്തിയെട്ടാമത് വാർഷിക ദേശീയ മാനേജ്‌മെൻറ് കൺവൻഷന് തുടക്കമായി. രത്‌നഗിരി റിഫൈനറി ആൻഡ് പെട്രോ കെമിക്കൽസ് മാനേജിംഗ് ഡയറക്ടർ ബി.അശോക് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. വർധിച്ച് വരുന്ന ഊർജ ആവശ്യങ്ങൾ നേരിടുന്നതിനായി രാജ്യത്തിന് വ്യക്തമായ രൂപരേഖ ഉണ്ടാക്കണമെന്ന് അദേഹം പറഞ്ഞു.

നമ്മുടേതായ പ്രത്യേക മോഡൽ ഊർജ – ഇന്ധന മേഖലയിൽ അനിവാര്യമാണ്. വർധിക്കുന്ന ഊർജ ആവശ്യങ്ങൾ നേരിടാൻ കൂടുതൽ പങ്കാളിത്തങ്ങളും ധാരണകളും അനിവാര്യമാണ്. വാതക പ്രതിസന്ധികൾ പരിഹരിക്കാൻ കേരളം അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തണം. ഇന്ധന വില കുറയുക എന്നത് കേൾക്കാൻ സുഖകരമാണെങ്കിലും യാഥാർഥ്വം ഏറെ അകലെയാണെന്ന് മനസിലാക്കണമെന്നും അദേഹം പറഞ്ഞു. സിറ്റി ഗ്യാസ് പദ്ധതിക്കായി നിരവധി നഗരങ്ങളാണ് മുന്നോട്ട് വരുന്നത്. ബയോ ഫ്യുവൽസ് ആണ് വരും നാളുകളിൽ ഏറെ ആവശ്യം. കാർഷിക വേസ്റ്റിൽ നിന്ന് ഊർജം ഉത്പാദിപ്പിക്കുന്നതിനായി കർഷകരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സൗരോർജ ഉത്പാദനത്തിന്റെ ചെലവ് കുറയ്‌ക്കേണ്ടതുണ്ട്. എൽ ഇ ഡി ലൈറ്റിംങ്ങ് കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട മേഖലയാണെന്നും ബി. അശോക് ഓർമ്മപ്പെടുത്തി. ഏറ്റവും അധികം സംരംഭക സാധ്യതയുള്ള മേഖല കൂടിയാണ് ഊർജ – എണ്ണ വ്യവസായമെന്നും അദേഹം ചൂണ്ടിക്കാട്ടി.

കെ എം എ പ്രസിഡൻറ് ദിനേശ് പി തമ്പി അധ്യക്ഷത വഹിച്ചു. ടാറ്റ ഇൻറർനാഷണൽ മുൻ ചെയർമാൻ ബി. മുത്തുരാമൻ, ഐ ഇ ഇ ഇ പൂനെ ചെയർമാൻ ദീനനാദ് കോൽക്കൻ എന്നിവർ പങ്കെടുത്തു. കെ എം എ സീനിയർ വൈസ് പ്രസിഡന്റ് ജിബു പോൾ സ്വാഗതവും ഓണററി സെക്രട്ടറി വി. ജോർജ് ആന്റണി നന്ദിയും പറഞ്ഞു.