സിയാലിന്റെ നവീകരിച്ച ഒന്നാം ടെര്‍മിനലും സൗരോര്‍ജ പദ്ധതിയും ഉദ്ഘാടനം ചെയ്തു

Posted on: December 13, 2018

ആലുവ : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഒന്നാം ടെര്‍മിനലിന്റെയും സൗരോര്‍ജ ഉത്പാദന ശേഷി 40 മെഗാവാട്ടായി ഉയര്‍ത്തുന്ന പദ്ധതിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ശരിയായി പ്രവര്‍ത്തിച്ചാല്‍ പദ്ധതികള്‍ മികച്ചതാക്കി മാറ്റാമെന്നതിന്റെ ഉത്തമ മാതൃകയാണ് സിയാല്‍. തിരുവനന്തപുരം വിമാനത്താവള വികസനത്തിനായി സ്ഥലമേറ്റെടുത്ത് നല്‍കിയപ്പോള്‍ ഉണ്ടാക്കിയ ധാരണകളെല്ലാം കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. വിമാനത്താവളം സംസ്ഥാന സര്‍ക്കാരിനെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി വിമാനത്താവളം നടത്തിയുള്ള പരിചയം സര്‍ക്കാരിനുണ്ട്. ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളവും നടത്തുന്നു. സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയാണ് രണ്ടും. സിയാല്‍ നല്‍കിയ അനുഭവത്തിന്റെ വെളിച്ചത്തിലാണ് കണ്ണൂരിലെ വിമാനത്താവളം ആരംഭിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്ത സിയാല്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ എന്ന നിലയില്‍ ഒരുപാട് വളര്‍ന്നു. 100 കോടി രൂപയോളം നിക്ഷേപമുള്ള സംസ്ഥാന സര്‍ക്കാരിന് ഇതു വരെ ലാഭവിഹിതമായി 230 കോടിയോളം രൂപ സിയാല്‍ നല്‍കിക്കഴിഞ്ഞു. ഉദ്ഘാടനം ചെയ്യപ്പെടുന്ന രണ്ട് പദ്ധതികളും സിയാലിന്റെ പ്രോജക്ട് മാനേജ്‌മെന്റ് വൈഭവത്തിന് ഉദാഹരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ വി തോമസ് എം പി മുഖ്യാതിഥിയായിരുന്നു. മാനേജിംഗ് ഡയറക്ടര്‍ വി ജെ കുര്യന്‍ ആമുഖ പ്രസംഗം നടത്തി.

സിയാല്‍ ഡയറക്ടര്‍ എം എ യൂസഫലി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീര്‍ സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ , എം എല്‍ എ മാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, മുന്‍ എം പി പി രാജീവ്, ജി സി ഡി എ ചെയര്‍മാന്‍ വി സലിം തുടങ്ങിയവര്‍ പങ്കെടുത്തു. സിയാല്‍ ഡയറക്ടര്‍ എം എ യൂസഫലി സ്വാഗതവും എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായര്‍ നന്ദിയും പറഞ്ഞു.

TAGS: Cial |