പി ഡബ്ല്യു ഡി വാസ്തുശിൽപ വിഭാഗം മധ്യമേഖല ഓഫീസ് ഉദ്ഘാടനം ചെയ്തു

Posted on: September 10, 2020

കൊച്ചി: പി.ഡബ്ലു.ഡി. വാസ്തുശില്‍പ വിഭാഗത്തെ ശക്തിപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. കളമശേരി പത്തടിപ്പാലത്തുള്ള പി.പി.ഡബ്ല്യൂ.ഡി. ഓഫീസ് സമുച്ചയത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ എറണാകുളം മധ്യമേഖല പി.ഡബ്ല്യൂ.ഡി. , വാസ്തുശില്‍പ ഓഫീസ് ഓണ്‍ ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാസ്തു ശില്‍പവിഭാഗത്തിലെ പ്രവൃത്തികള്‍ സമീപ വര്‍ഷങ്ങളില്‍ മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയ്ക്കുപുറമേ ഇടുക്കി, തൃശൂര്‍ ജില്ലകള്‍കൂടി പുതിയ മധ്യമേഖല ഓഫീസിന്റെ പരിധിയില്‍പ്പെടും.

വിവിധ ഗവണ്‍മെന്റ് വകുപ്പുകള്‍ക്കാവശ്യമുള്ള കെട്ടിടങ്ങളുടെ രൂപകല്പന നിര്‍വഹിക്കുന്നത് പി.ഡബ്ല്യൂ.ഡി. വാസ്തുശില്‍പ വിഭാഗമാണ്. ഈ വര്‍ഷം ഏപ്രിലില്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് എറണാകുളം, കോഴിക്കോട് ജില്ലകള്‍ ആസ്ഥാനമായി മധ്യമേഖല ഓഫീസുകള്‍ രൂപീകരിച്ചത്. മേഖലാ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുവാന്‍ സാധിക്കും.

ചീഫ് ആര്‍ക്കിടെക്റ്റ് രാജീവ് പി.എസ് അധ്യക്ഷത വഹിച്ചു. സീനിയര്‍ ആര്‍ക്കിടെക്റ്റ് സി.പി ബാലമുരുകന്‍, ഡെപ്യൂട്ടി ആര്‍ക്കിടെക്റ്റ് നിത്യ എം.കെ, വിവിധ പി.ഡബ്ലു.ഡി. ഓഫീസര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

 

TAGS: Kerala PWD |