ഭൂമിയേറ്റെടുക്കൽ : പൊതുമരാമത്ത് പദ്ധതികൾക്കായി പ്രത്യേക നടപടി

Posted on: May 7, 2015

V.K.Ibrahim-Kunju-BIG

കൊച്ചി : സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്ന പ്രധാനപ്പെട്ട പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന് പ്രത്യേക നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകുന്നതുമൂലം പദ്ധതികൾ പൂർത്തീകരിക്കാൻ ബുദ്ധിമുട്ടുന്നതിനാൽ ഓരോ ജില്ലയിലേയും കലക്ടർമാർക്ക് നെഗോഷ്യേറ്റഡ് പർച്ചേസിലൂടെ ഭൂമി ഏറ്റെടുക്കാൻ അനുവാദം നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ 2013-ലെ പുതുക്കിയ ഭൂമിയേറ്റെടുക്കൽ നിയമം 2014 ജനുവരി മാസം മുതൽ രാജ്യത്ത് നിലവിൽ വരികയുണ്ടായി. ഇതനുസരിച്ച് 2014 ജനുവരി മുതൽ ഉള്ള എല്ലാ സ്ഥലമേറ്റെടുക്കൽ പ്രക്രിയകളും പുതുക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇതിനായി സംസ്ഥാനത്ത് കേന്ദ്ര നിയമത്തിനനുസൃതമായി ചട്ടങ്ങൾ നിർമ്മിക്കേണ്ടതായിട്ടുണ്ട്. ഇതിനിടയിൽ കേന്ദ്രസർക്കാർ 2013-ലെ ആക്ടിന് വീണ്ടും നിരവധി ഭേദഗതികൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. ഇത് കാരണം സംസ്ഥാനത്ത് ചട്ടങ്ങൾ ഉണ്ടാക്കുന്നത് അനിശ്ചിതമായി നീണ്ടു പോകുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെതുൾപ്പെടെയുള്ള എല്ലാ സ്ഥലമേറ്റെടുപ്പ് നടപടികളും കാലതാമസം നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് പ്രധാന പദ്ധതികൾക്ക് നെഗോഷ്യേറ്റഡ് പർച്ചേസ്’ നടത്താൻ കലക്ടർമാർക്ക് അധികാരം നൽകുന്നത്.

പൊതുമരാമത്ത് വകുപ്പ് 400 ദിവസത്തിനുള്ളിൽ 100 പാലങ്ങൾ പൂർത്തീകരിച്ച് തുറന്നു കൊടുക്കുന്ന പദ്ധതി ഇപ്പോൾ നടപ്പാക്കി വരികയാണ്. എന്നാൽ നിർമ്മാണം പൂർത്തിയായ പല പാലങ്ങളും അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിക്കാത്തതിനാൽ തുറന്നു കൊടുക്കാൻ ബുദ്ധിമുട്ടുകയാണ്.

ഇതിന് പുറമേ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ച പല പദ്ധതികളും സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കാത്തതിനാൽ കാലതാമസം നേരിടുകയാണ്. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് പ്രായോഗികമായ സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം എടുത്തതെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.