ശബരിമല റോഡുകളുടെ നിർമ്മാണം പരിശോധിക്കുമെന്ന് മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ്

Posted on: November 23, 2015

V.K.Ibrahim-Kunju-BIG

തിരുവനന്തപുരം : ശബരിമല റോഡുകളിലും അനുബന്ധ റോഡുകളിലും ഈ വർഷം നടത്തിയ മുഴുവൻ പ്രവൃത്തികളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. റോഡുകളെക്കുറിച്ച് ചിലയിടങ്ങളിൽ നിന്നുണ്ടായ പരാതികളെ തുടർന്നാണ് നിർമ്മാണത്തിൽ പാകപ്പിഴ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത്.

ശബരിമല റോഡുകളുടെ നിർമ്മാണ ജോലികൾ ഏറ്റെടുത്ത് പൂർത്തിയാക്കാത്ത കരാറുകാരുടെ പേരിൽ നടപടിയെടുക്കുമെന്നും റോഡ് നിർമ്മാണത്തിലും അറ്റകുറ്റപ്പണികളുടെ കാര്യത്തിലും കൃത്യവിലോപം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല റോഡുകളുടെ നിർമ്മാണ ജോലികൾ മുഴുവനും പൊതുമരാമത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പരിശോധിക്കുന്നത്. എന്നാൽ ശബരിമല റോഡുകളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സുഗമമായി തീർത്ഥാടനത്തിന് വേണ്ടുന്ന എല്ലാ പ്രവർത്തനങ്ങളും തുടരുമെന്നും മണ്ഡലകാലം മുഴുവനും റോഡുകളുടെ അറ്റകുറ്റ പണികളുടെ പരിശോധനയ്ക്കായി പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും മന്ത്രി ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.