സർഫസ് ക്രിയേറ്റിവിറ്റി : പ്രത്യേക സെഷനുമായി കൊച്ചി ഡിസൈൻ വീക്ക്

Posted on: December 11, 2019

കൊച്ചി : പ്രതലങ്ങളുടെ വൈവിദ്ധ്യമാർന്ന സർഗ്ഗാത്മക സാധ്യതകൾ ഡിസൈൻ രംഗത്ത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് കൊച്ചി ഡിസൈൻ വീക്കിൽ പ്രത്യേക പരിപാടി നടക്കും. പ്രമുഖ ടൈൽ നിർമ്മാതാക്കളായ നിറ്റ്‌കോയുമായി ചേർന്ന് നടത്തുന്ന ഈ പരിപാടിയിൽ പ്രശസ്ത ആർക്കിടെക്റ്റ് ദമ്പതികളായ ലിജോ ജോസും റെനി ലിജോയുമാണ് പങ്കെടുക്കുന്നത്.

ഇടപ്പള്ളിയിലുള്ള നിറ്റ്‌കോയുടടെ ലി സ്റ്റുഡിയോയിൽ ഡിസംബർ 13 വെള്ളിയാഴ്ച വൈകീട്ട് 4 മുതൽ 7 വരെയാണ് പരിപാടി. രാജ്യത്തെ ഏറ്റവും വലിയ ഡിസൈൻ ഉച്ചകോടിയായ കൊച്ചി ഡിസൈൻ വീക്കിൻറെ വേദി ബോൾഗാട്ടി പാലസാണെങ്കിലും നഗരത്തിലെ വിവിധ ഭാഗങ്ങളിൽ രൂപകൽപ്പനയുമായി ബന്ധപ്പെട്ട നിരന്തര ആശയവിനിമയങ്ങളും ചർച്ചയും സംഘടിപ്പിക്കുക എന്ന നയത്തിൻറെ ഭാഗമായാണ് സർഫസ് ക്രിയേറ്റിവിറ്റി പരിപാടി നടത്തുന്നത്.

ആർക്കിടെക്ടുകളുടെ മൂല സ്വഭാവം കലയാണെന്ന് ലിജോ ജോസ് പറഞ്ഞു. കൊച്ചി ഡിസൈൻ വീക്ക് ഇത്തരമൊരാശയം ആദ്യം പറഞ്ഞപ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തിയത് പ്രതലങ്ങളിലെ സർഗ്ഗാത്മകതയാണ്. ടൈലുകളിലെ രൂപകൽപ്പനയിൽ നിരവധി സാധ്യതകളാണ് ഒളിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.