ഐടി ഇൻഫ്രസ്ട്രക്ചർ : കാസ്പിയൻ ടെക്പാർക്‌സ് നന്മയുമായി ധാരണയിൽ

Posted on: September 24, 2016

caspian-tecparksmou-with-na

കൊച്ചി : അടിസ്ഥാനസൗകര്യ വികസനത്തിന് ഈസ്റ്റേൺ ഗ്രൂപ്പിന്റെ ഭാഗമായ നന്മയുമായി കൊച്ചി ആസ്ഥാനമായുള്ള കാസ്പിയൻ ടെക്പാർക്‌സ് ധാരണയായി. ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാന്റെ സാന്നിധ്യത്തിൽ കാസ്പിയൻ ടെക്പാർക്‌സ് എംഡി തോമസ് ചാക്കോ മുക്കാടനും നന്മ മാനേജിംഗ് ഡയറക്ടർ അഷീൻ പാണക്കാടും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഇൻഫോപാർക്ക് പ്രധാന കവാടത്തോടു ചേർന്ന് 2.62 ഏക്കർ വിസ്തൃതിയുള്ള ഈ ഭൂമിയിൽ 5.5 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

2017 ഡിസംബറിൽ പൂർത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 3500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാസ്പിയൻ ടെക്പാർക്‌സ് എംഡി തോമസ് ചാക്കോ മുക്കാടൻ പറഞ്ഞു. കേരളത്തിലെ തങ്ങളുടെ നിലവിലുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനുദ്ദേശിക്കുന്ന ഐടി, ഐടി ഇതര കമ്പനികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാനുതകുന്നതാണ് 12 നിലയുള്ള ഈ മന്ദിരം. ആദ്യ രണ്ടു നിലകൾ പൂർണമായും വാണിജ്യാവശ്യങ്ങൾക്കായിട്ടായിരിക്കും ഉപയോഗിക്കുകയെന്ന് തോമസ് ചാക്കോ മുക്കാടൻ പറഞ്ഞു.

caspian-tecparks-building-b

രാജ്യാന്തര നിലവാരമുള്ള ഓഫീസുകളോടു കൂടിയതുമായ പ്രകൃതിസൗഹൃദ മന്ദിരമായിരിക്കും നിർമ്മിക്കുന്നത്. ആംഫിതീയേറ്റർ, കഫേകൾ, വിനോദസൗകര്യങ്ങൾ, ഫുഡ് കോർട്ടുകൾ തുടങ്ങിയവയും ഇവിടെയുണ്ടാകും. ഇൻഫോപാർക്കിന്റെ രണ്ടാംഘട്ട വികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉപയോഗിക്കത്തക്ക വിധത്തിൽ രൂപകൽപന ചെയ്ത പദ്ധതിയാണിതെന്ന് അദേഹം ചൂണ്ടിക്കാട്ടി.

കാസ്പിയൻ ടെക്പാർക്‌സ് ഇന്ത്യയുമായി കൈകോർക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് നന്മ മാനേജിംഗ് ഡയറക്ടർ അഷീൻ പാണക്കാട് പറഞ്ഞു. കേരളത്തിലെ ഐടി, ഐടി ഇതര മേഖലകളുടെ വളർച്ച ത്വരിതപ്പെടുത്താൻ പദ്ധതി സഹായകമാകുമെന്നും ഇൻഫോപാർക്കിന്റെ വളർച്ചയിൽ ഒരു നാഴികക്കല്ലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.