ലോകത്തിലെ ആദ്യ നിർമിതബുദ്ധി യൂണിവേഴ്‌സിറ്റി തുറന്നു

Posted on: October 23, 2019

അബുദാബി : ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂണിവേഴ്‌സിറ്റി അബുദാബി മസ്ദാർ സിറ്റിയിൽ തുറന്നു. ദ് മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ബിരുദാനന്തര ബിരുദം, പിഎച്ച്ഡി കോഴ്‌സിലേക്കുമുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. 2020 സെപ്റ്റംബറിൽ ക്ലാസുകൾ ആരംഭിക്കും. മെഷിൻ ലേണിങ്, കംപ്യൂട്ടർ വിഷൻ, നാച്വറൽ ലാംഗ്വേജ് പ്രോസസിങ് വിഷയങ്ങളിൽ ബിരുദമുള്ളവരെയാണ് എംഎസ് സി കോഴ്‌സിലേക്ക് പരിഗണിക്കുക.

പ്രസ്തുത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ഗവേഷണത്തിന് ചേരാം. നിർമിത ബുദ്ധിയിൽ ലോക പ്രശസ്ത വിദഗ്ധരായിരിക്കും. ക്ലാസുകൾക്ക് നേതൃത്വം നൽകുക. നൂതന കാലത്തിലേക്ക് ഉപയുക്തമാകുന്ന തലമുറയെ വാർത്തെടുക്കുകയാണ് എഐ സർവകലാശാലയുടെ ലക്ഷ്യം. നൂതന സാങ്കേതിക വിദ്യയുടെ പുതുയുഗപ്പിറവി യുഎഇയ്ക്കും ലോകത്തിനും സാധ്യതകളുടെ നവലോകം സൃഷ്ടിക്കുമെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അൽ നഹ്യാൻ ട്വീറ്റ് ചെയ്തു.

നവീന സാങ്കേതിക വിദ്യ സ്വായത്തമാക്കുക എന്ന യുഎഇയുടെ നയത്തിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നിർമിത ബുദ്ധി യൂണിവേഴ്‌സിറ്റിയെന്ന് സഹമന്ത്രിയും യൂണിവേഴ്‌സിറ്റി ചെയർമാനുമായ ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു. നിർമിത ബുദ്ധിയിലൂടെ സാങ്കേതികവിദ്യയുടെ നവയുഗപ്പിറവിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ലോകം. പ്രതീക്ഷയ്ക്കപ്പുറമുള്ള അവസരങ്ങളുമായെത്തുന്ന നിർമിത ബുദ്ധി സമസ്ത മേഖലകളിലും വ്യാപിക്കുന്നതോടെ വിസ്മയകരമായ മാറ്റമുണ്ടാകുമെന്നും പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വൈദഗ്ധ്യമുള്ളവരുടെ അഭാവം നികത്തുന്നതിനാണ് ലോകത്തെ ആദ്യത്തെ നിർമിതബുദ്ധി സർവകലാശാല തുടങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി.

2030 ഓടെ ലോകത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 14 ശതമാനം അതായത് 57.7 ട്രില്യൺ ദിർഹം ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ നിന്നായിരിക്കും. യുഎഇയുടെ ജിഡിപിയിലും എഐയുടെ സംഭാവന ആഗോള അനുപാതമായ 14 ശതമാനമായിരിക്കുമെന്നും സൂചിപ്പിച്ചു. ഓക്‌സ്‌ഫോർഡ് ഇൻസൈറ്റിന്റെ എഐ റെഡിനസ് സൂചികയിൽ യുഎഇയ്ക്ക് 19ാം സ്ഥാനമാണുള്ളത്. മേഖലയിൽ ഒന്നാം സ്ഥാനവും.

നിലവിൽ വിമാനത്താവളത്തിൽ ഉപയോഗിക്കുന്ന നേത്ര, മുഖ അടയാളമെല്ലാം നിർമിത ബുദ്ധിയുടെ സംഭാവനയാണ്. വരും കാലങ്ങളിൽ നിർമിത ബുദ്ധി വ്യാപകമാകുന്നതോടെ സാമൂഹിക, സാമ്പത്തിക രംഗത്ത് വിപ്ലവകരമായ മാറ്റം. പ്രതീക്ഷിക്കുന്നതായും മന്ത്രി സൂചിപ്പിച്ചു. ലോക പ്രശസ്ത ആർട്ടിഫിഷ്യൽ ഇൻറലിജന്റ്‌സ് വിദഗ്ധരായ ഇൻററിം പ്രസിഡന്റ് പ്രഫ. സർ മിക്കായേൽ ബ്രാഡി, പ്രഫ. അനിൽ ജെയ്ൻ, ഡോ. കൈ ഫു ലീ, ഡോ. ഡാനിയേല റസ്, പ്രഫ. ആൻഡ്രൂയോ, പെങ്ഷിയോ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.