ഗൂഗിൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസേർച്ച് സെന്റർ ബംഗലുരുവിൽ

Posted on: September 20, 2019

ന്യൂഡൽഹി : ഗൂഗിൾ ബംഗലുരുവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസേർച്ച് സെന്റർ സ്ഥാപിക്കും. പൊതു-സ്വകാര്യ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം വർധിപ്പിക്കുന്നതിനും ഇന്ത്യയ്ക്ക് അനുയോജ്യമായ എഐ സങ്കേതങ്ങൾ വികസിപ്പിക്കുന്നതിനുമാണ് റിസേർച്ച് സെന്റർ മുൻഗണന നൽകുന്നത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തുന്നതിന് എഐ ഫോർ സോഷ്യൽ ഗുഡ് വിഭാഗവും സ്ഥാപിക്കും. പ്രശസ്ത കംപ്യൂട്ടർ ശാസ്ത്രജ്ഞനും അസോസിയേഷൻ ഫോർ കംപ്യൂട്ടിംഗ് മെഷീനറി ഫെലോയുമായ ഡോ. മനീഷ് ഗുപ്ത് എഐ റിസേർച്ച് സെന്ററിനും പ്രഫ. മിലിന്ദ് താംബെ എഐ ഫോർ സോഷ്യൽ ഗുഡിനും നേതൃത്വം നൽകും.

ഗൂഗിൾ ഫോർ ഇന്ത്യ വാർഷിക സമ്മേളനത്തിലാണ് ഇന്ത്യയ്ക്ക് വേണ്ടിയുള്ള വിവിധ പദ്ധതികൾ ഗൂഗിൾ അവതരിപ്പിച്ചത്. മെഷീൻ ലേണിംഗ്, കംപ്യൂട്ടർ വിഷൻ, സ്പീച്ച് സിസ്റ്റംസ് തുടങ്ങിയ മേഖലകളിലും എഐ ഗവേഷകർക്കും എൻജിനീയർമാർക്കും ഗൂഗിൾ അവസരം ലഭ്യമാക്കും. ഗൂഗിൾ പേ, ജോബ് പ്ലാറ്റ്‌ഫോമായ സ്‌പോട്ട് എന്നിവയിൽ വലിയ വളർച്ചയാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.