ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ കേരളത്തിൽ 550 കോടി രൂപ മുതൽമുടക്കും

Posted on: October 9, 2019

ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ കേരളത്തിൽ 500-550 കോടി രൂപ മുതൽമുടക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ. ദുബായിൽ സംഘടിപ്പിച്ച എൻആർകെ എമേർജിംഗ് എന്റർപ്രണേഴ്‌സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്ത് 600 കിടക്കകളുള്ള മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണം ആറു മാസത്തിനുള്ളിൽ ആരംഭിക്കും. കേരളത്തിലെ വ്യാവസായിക സാഹചര്യം വളരെ സൗഹാർദപരമാണ്. ഭരണനേതൃത്വത്തിൽ നിന്നും ഉദ്യോഗസ്ഥതലത്തിൽ നിന്നും നല്ല പിന്തുണയാണ് നിക്ഷേപകർക്ക് ലഭിക്കുന്നതെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ ഭാഗമായി കോഴിക്കോട്, കോട്ടക്കൽ, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലായി നാല് ആശുപത്രികളും വയനാട്ടിൽ ഒരു മെഡിക്കൽ കോളജും പ്രവർത്തിക്കുന്നു. ഈ രംഗത്ത് 2000 കോടിയോളം രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. 2500 കിടക്കകളുള്ള വിപുലമായ ചികിത്സാ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. വിവിധ ആശുപത്രികളായി 8000 ത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. പുതിയ നിക്ഷേപത്തിലൂടെ 2500 പേർക്ക് കൂടി ജോലി നൽകാൻ സാധിക്കുമെന്നും ഡോ. ആസാദ് മൂപ്പൻ ചൂണ്ടിക്കാട്ടി.