ജർമ്മൻ തരംഗം

Posted on: February 17, 2015

Mercedes-Benz-CLA-class-big

ജർമ്മൻ കാറുകളെ പരിഗണിക്കാതെ ഇപ്പോൾ ഇന്ത്യയിൽ ആർക്കും കാറുകൾ വാങ്ങാനാവില്ല. ജാപ്പനീസ് ബ്രാൻഡുകളാണ് ആദ്യം വിപണിയിൽ പിടിമുറുക്കിയതെങ്കിലും പിന്നീട് ജർമ്മൻ ബ്രാൻഡുകൾ ഒന്നൊന്നായി വിപണി കീഴടക്കുകയായിരുന്നു. മെഴ്‌സിഡസ് ബെൻസാണ് ആദ്യം ഇന്ത്യയിൽ എത്തിയത്.

വർഷങ്ങൾക്കു ശേഷമാണ് വോക്‌സ്‌വാഗണും ബിഎംഡബ്ല്യുവും ഇന്ത്യയിൽ എത്തിയത്. വോക്‌സ്‌വാഗൺ, സ്‌കോഡ, ഔഡി, പോർഷെ, എന്നീ ബ്രാൻഡുകളാണ് വോക്‌സ്‌വാഗൺ ഗ്രൂപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഇവയ്‌ക്കെല്ലാം കൂടി 25 മോഡലുകളാണുള്ളത്.

ജർമ്മൻ കാറുകൾ ഇന്ത്യൻ സാഹചര്യത്തിൽ ആഡംബര കാറുകളായാണ് പൊതുവേ പരിഗണിക്കപ്പെടുന്നത്. കാരണം, വിലക്കുറവും കുറഞ്ഞ പരിപാലനചെലവുകളുമുള്ള കാറുകൾക്കാണ് ഇന്ത്യയിലെ മധ്യവർഗം മുൻഗണന നൽകിയിരുന്നത്. ഇപ്പോൾ ആ മുൻവിധിക്കു മാറ്റം വന്നുകഴിഞ്ഞു. ഉയർന്ന ശമ്പളമുള്ള പുതിയ തലമുറ സാങ്കേതിക മികവും സുരക്ഷയുമുള്ള ജർമ്മൻ കാറുകളിൽ ആകൃഷ്ടരായി.

മെഴ്‌സിഡസ് ബെൻസ് 2014 ൽ 10,201 കാറുകളാണ് വില്പന നടത്തിയത്. ഈ വർഷം ജനുവരിയിൽ ലോഞ്ച് ചെയ്ത സിഎൽഎ ക്ലാസ് ഉൾപ്പടെ 15 പുതിയ ഉത്പന്നങ്ങൾ 2015 ൽ പുറത്തിറക്കാനാണ് ബെൻസിന്റെ നീക്കം. മെഴ്‌സിഡസ് ബെൻസിന് ഇപ്പോൾ 38 നഗരങ്ങളിലായി 69 സെയിൽസ് ഔട്ട്‌ലെറ്റുകളാണുള്ളത്. പുതിയ 14 ഔട്ട്‌ലെറ്റുകൾ കൂടി ഈ വർഷം ആരംഭിക്കും.

ഔഡിക്ക് സെഡാൻ (എ സീരിസ്), എസ് യു വി (ക്യു സീരിസ്) വിഭാഗങ്ങളിലായി 18 മോഡലുകളാണ് ഇന്ത്യയിലുള്ളത്. 2014 ൽ ഔഡി 10,851 കാറുകൾ വിറ്റഴിച്ചു. നടപ്പുവർഷം ഇരട്ടയക്ക വളർച്ചയാണ് ഔഡി ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായി ഔറംഗബാദ് പ്ലാന്റിൽ സെക്കൻഡ് ഷിഫ്റ്റ് ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്. ഒരു ഷിഫ്റ്റിൽ 14,000 കാറുകളാണ് വാർഷിക ഉത്പാദനം. ഇപ്പോൾ ഔറംഗബാദ് പ്ലാന്റ് ഔഡിയും സ്‌കോഡയും പങ്കുവയ്ക്കുകയാണ്.

സ്‌കോഡ ഓട്ടോ ഇന്ത്യ 2013 ൽ 22,600 കാറുകൾ വിറ്റഴിച്ച സ്ഥാനത്ത് 2014 ൽ 15,500 കാറുകൾ മാത്രമാണ് വില്പന നടത്താനായത്. ഫേസ്‌ലിഫ്റ്റ് ചെയ്ത റാപ്പിഡ് ആണ് വില്പന വോള്യം വർധിപ്പിക്കുന്നത്. പുതിയ സ്‌കോഡ സൂപ്പർബും വൈകാതെ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും.

വോക്‌സ്‌വാഗൺ ഉത്പന്നനിരയിൽ പോളോയും വെന്റോയുമാണ് പോപ്പുലർ. അടുത്തിയടെ ജെറ്റയുടെ ഫേസ്‌ലിഫ്റ്റ് മോഡൽ വോക്‌സ് വാഗൺ പുറത്തിറക്കിയിരുന്നു. 2009 ൽ ഇന്ത്യയിൽ ഉത്പാദനം ആരംഭിച്ച കമ്പനിയുടെ വാർഷിക ഉത്പാദന ശേഷി 1,30,000 കാറുകളാണ്. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വോക്‌സ്‌വാഗൺ കാറുകളിൽ 60 ശതമാനവും കയറ്റുമതി ചെയ്യുകയാണ്.

ബിഎംഡബ്ല്യു 2007 ലാണ് ഇന്ത്യയിൽ എത്തിയത്. മത്സരാധിഷ്ഠിതമായ വിപണിയിൽ പിടിച്ചുനിൽക്കാൻ അടുത്തയിടെ 7 പ്രാദേശിക വെൻഡർമാരുമായി ബിഎംഡബ്ല്യു ധാരണയിലെത്തി. ഇതോടെ 50 ശതമാനത്തോളം വാഹനഘടകങ്ങൾ ഇന്ത്യയിൽ നിന്നു സമാഹരിക്കും. ലോക്കലൈസേഷനിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ ഉത്പാദനച്ചെലവുകൾ കുറയ്ക്കുകയാണ് ലക്ഷ്യം. 14,000 യൂണിറ്റ് വാർഷികോത്പാദന ശേഷിയുള്ള

ചെന്നൈ പ്ലാന്റിൽ എട്ടു മോഡലുകൾ മാത്രമാണ് അസംബിൾ ചെയ്യുന്നത്. 14,000 യൂണിറ്റുകളാണ് വാർഷികോത്പാദനം. കഴിഞ്ഞ രണ്ടു വർഷവും കമ്പനി വില്പനയിൽ തിരിച്ചടി നേരിട്ടു. 2012 ൽ 9,375 കാറുകൾ വിറ്റഴിച്ചപ്പോൾ 2014 ൽ വിൽക്കാനായത് 6,812 കാറുകൾ മാത്രമാണ്. 2015 ൽ പുതിയ മോഡലുകളിലൂടെ വിപണിവിഹിതം തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

ലിപ്‌സൺ ഫിലിപ്പ്‌