കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ അവാര്‍ഡ് സമര്‍പ്പണം ജനുവരി 23 ന്

Posted on: January 18, 2020

കൊച്ചി: കഴിഞ്ഞ ഒരു പതിറ്റാണ്ടായി സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ സാമൂഹ്യ സേവന രംഗത്ത് മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന വ്യക്തികള്‍ക്കും, സംഘടനകള്‍ക്കും വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള നാലാമത് ചിറ്റിലപ്പിള്ളി സോഷ്യല്‍ സര്‍വീസ് എക്സലന്‍സ് അവാര്‍ഡ്ദാന ചടങ്ങ് ജനുവരി 23-ന് പാലാരിവട്ടം ഹോട്ടല്‍ റിനൈയില്‍.

മൂന്ന് വര്‍ഷത്തിലേറെക്കാലമെങ്കിലും സാമൂഹ്യ സേവന രംഗത്ത് കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളേയും, സംഘടനകളേയുമാണ് അവാര്‍ഡിന് പരിഗണിച്ചിട്ടുള്ളത്. ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ലാഭേച്ഛ ഇല്ലാതെ സേവനം നല്‍കുന്നവരും അംഗീകാരങ്ങള്‍ക്കോ , സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കോ അതീതമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളേയും, സംഘടനകളേയുമാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന മികച്ച സാമൂഹ്യപ്രവര്‍ത്തകന് ഒരു ലക്ഷം രൂപയും ഫലകവും, മികച്ച സാമൂഹ്യസംഘടനയ്ക്ക് 2 ലക്ഷം രൂപയും ഫലകവുമാണ് അവാര്‍ഡ്. കൂടാതെ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തികള്‍ക്കും, സംഘടനകള്‍ക്കും മെറിറ്റ് അവാര്‍ഡുകളും, പ്രശസ്തി പത്രവും നല്‍കിവരുന്നു. സോഷ്യല്‍ സര്‍വീസ് അവാര്‍ഡുകള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഡയറക്ടര്‍ ഷീല കൊച്ചൗസേപ്പ് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് സ്ലീബാ അറിയിച്ചു.