കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ അക്കാദമിക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

Posted on: July 28, 2019

കൊച്ചി : കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മൂന്നാമത് അക്കാദമിക് എക്സലൻസ് അവാർഡുകൾ പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിതരണം ചെയ്തു. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ അക്കാദമിക് എക്സലൻസ് പ്രോഗ്രാമിന്റെ കീഴിലുള്ള 50 സ്‌കൂളുകളിലെ എസ്.എസ്.എൽ.സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും, കൂടുതൽ എ പ്ലസ് നേടിയ സ്‌കൂളുകൾക്കുമാണ് അവാർഡ് നൽകിയത്.

പ്ലസ്ടു വിഭാഗത്തിൽ മുപ്പത്തടം ജി.എച്ച്.എസ്.എസിലെ സ്നേഹ മനോഹർ, പുത്തൻവേലിക്കര വി.സി.എസ്.എച്ച്.എസ്.എസിലെ നിരഞ്ജന സുധീഷ്, എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസിലെ ലിയാന ഫർസീൻ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിഎച്ച്എസ്ഇ വിഭാഗത്തിൽ കടമക്കുടി ജി.വി.എച്ച്.എസ്.എസിലെ അങ്കിത അനിൽ, വിനീത സി.വി, തൃക്കാക്കര ജി.വി.എച്ച്.എസ്.എസിലെ ബിനു കൃഷ്ണൻ എന്നിവരും യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനത്തെത്തി.

എസ് എസ് എൽ സിക്ക് കൂടുതൽ എ പ്ലസ് നേടിയ സ്‌കൂളിനുള്ള അവാർഡ് ഞാറള്ളൂർ ബെത്ലേഹം ജി.എച്ച്.എസ് നേടിയപ്പോൾ, പ്ലസ്ടുവിന് കൂടുതൽ എ പ്ലസ് നേടിയ സ്‌കൂളിനുള്ള അവാർഡ് തൃക്കാക്കര കാർഡിനൽ എച്ച്.എസ്.എസും കരസ്ഥമാക്കി. കൂടാതെ സാമൂഹ്യ പ്രവർത്തനങ്ങളിൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ഏറ്റവും നല്ല സ്‌കൂളിനുള്ള സ്പെഷൽ അവാർഡ് ആരക്കുന്നം സെന്റ്. ജോർജ്ജ് എച്ച്.എസും നേടി.

പ്ലസ്ടുവിന് നൂറ്റി അറുപതും, എസ്.എസ്.എൽ.സിയ്ക്ക് ഇരുന്നൂറ്റി പത്തും വിദ്യാർഥികൾ അവാർഡിന് അർഹരായി. ചടങ്ങിൽ കഴിഞ്ഞ നീറ്റ് പരീക്ഷയിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ യു. ദിവ്യയെയും, 19-ാം റാങ്ക് കരസ്ഥമാക്കിയ കാട്ടുനായ്ക്കർ വിഭാഗത്തിലെ വി. ലിൻഷയെയും അനുമോദിച്ചു. അക്കാദമിക് എക്സലൻസ് അവാർഡ് സുവനീർ വീഗാലാന്റ് ഡവലപ്പേഴ്സ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ കെ. വിജയൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബി.ജയരാജിന് നൽകി പ്രകാശനം ചെയ്തു. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ്ജ് സ്ലീബ, ഡയറക്ടർ ജേക്കബ് കുരുവിള, മാനേജർ ബെന്റ്ലി താടിക്കാരൻ എന്നിവരും പങ്കെടുത്തു.