സി ഒ പി ഡി ദിനം : ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Posted on: November 23, 2018

കൊച്ചി : ലോക സി ഒ പി ഡി (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്) ദിനാചരണത്തോടനുബന്ധിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി പള്‍മണോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ ശ്വാസകോശരോഗ ബോധവല്‍ക്കരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പരിപാടി ചലച്ചിത്രതാരം ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്തു.

ക്യാമ്പിനോടനുബന്ധിച്ച് കേരളത്തിലെ ആദ്യത്തെ ഓക്‌സിജന്‍ ബാറും സജ്ജമാക്കിയിരുന്നു. അന്തരീക്ഷ മലിനീകരണം കൂടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അല്പസമയത്തേക്ക് ശുദ്ധമായ ഓക്‌സിജന്‍ നല്‍കുന്നതിനുള്ള സംവിധാനമാണ് ഓക്‌സിജന്‍ ബാര്‍. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതു മൂലം ഉണ്ടാകുന്ന സിഒപിഡി രോഗമുള്ളവര്‍ക്ക് ചെറിയ അളവില്‍ ഓക്‌സിജന്‍ കൊടുത്താല്‍ ആശ്വാസം ലഭിക്കും. ഇത് ഒരു ഔഷധം പോലെ കൃത്യമായ ഡോസില്‍ നല്‍കുന്നതിനും ഓക്‌സിജന്‍ ബാര്‍ സഹായിക്കും.

ആസ്റ്റര്‍ പള്‍മണോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്വാസകോശ രോഗികളുടെ പുനരധിവാസ പദ്ധതിയുടെ വാര്‍ഷികവും ക്യാമ്പിനൊപ്പം നടത്തി. മരുന്നുകള്‍ക്ക് പുറമേയുള്ള ശ്വസനവ്യായാമങ്ങള്‍ കൊണ്ട് ഏകദേശം അമ്പതോളം ശ്വാസകോശ രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ ഈ പദ്ധതിക്ക് ഇതിനോടകം  കഴിഞ്ഞിട്ടുണ്ട്.വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന പ്രത്യേക ക്ലിനിക്കിന്റെ സേവനവും ക്യാമ്പില്‍ ലഭ്യമാക്കിയിരുന്നു.

കൂര്‍ക്കംവലിക്കിടയില്‍ ശ്വാസം നിന്നുപോകുന്ന സ്ലീപ് അപ്നിയ എന്ന രോഗം ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന സിപാപ് എന്ന ശ്വസനസഹായി, നെബുലൈസര്‍, ഇന്‍ഹേലര്‍ എന്നിവയുടെ ഉപയോഗത്തെക്കുറിച്ചും ക്യാമ്പില്‍ വിശദീകരിച്ചു. ശ്വാസകോശ സംബന്ധമായ എല്ലാ രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിവിധികളെക്കുറിച്ചും ഡോക്ടറോട് നേരിട്ട് ചോദിച്ച് മനസ്സിലാക്കാനുള്ള അവസരവും ക്യാമ്പില്‍ ഒരുക്കിയിരുന്നു. ലോക സി ഒ പി ഡി ദിനത്തോടനുബന്ധിച്ച് എറണാകുളത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരു പോസ്റ്റര്‍ ഡിസൈന്‍ മത്സരവും നടത്തി.