സാംസംഗിന്റെ പുതിയ നാല് എസി മോഡലുകൾ വിപണിയിൽ

Posted on: December 19, 2015

Samsung-four-Airconditioner

കൊച്ചി : സാംസംഗ് ഇന്ത്യ പുതിയ നാല് എസി മോഡലുകൾ വിപണിയിലിറക്കി. പുതിയ 360 കാസറ്റ് ഡിസൈൻ എസി, 30 എച്ച്പി സൂപ്പർ ഡിവിഎം (ഡിജിറ്റൽ വേരിയബിൾ മൾട്ടി) എസി, 14 എച്ച്പി സൈഡ് ഡിസ്ചാർജ് ഡിവിഎം ഇകോ, ഡിവിഎം ചില്ലർ എന്നീ നാല് പുതിയ ഉത്പന്നങ്ങളാണ് സാംസംഗ് അവതരിപ്പിച്ചത്. വർധിച്ച ഊർജ ക്ഷമത, അതിവേഗ കൂളിംഗ്, കുറഞ്ഞ മെയിന്റൻസ് ചെലവ് തുടങ്ങിയ സവിശേഷതകളോടെ പുറത്തിറങ്ങുന്ന സാംസംഗിന്റെ പുതിയ മോഡലുകൾ എയർ കണ്ടീഷനിംഗ് സാങ്കേതിക വിദ്യയിൽ ഒരു പുതിയ യുഗത്തിനു തുടക്കം കുറിക്കുകയാണ്.

വായുവിനെ ഒരേ ദിശയിലാക്കി മുറിയിൽ തണുപ്പ് നിലനിർത്താൻ സഹായിക്കുന്ന ബൂസ്റ്റർ ഫാനാണ് 360 കാസറ്റ് ഡിസൈൻ എസിയിൽ ഉപയോഗിച്ചിട്ടുള്ളത്. 360 കാസറ്റ് ഡിസൈൻ എസി, ഇന്റീരിയർ അനുസരിച്ച് മുറിയുടെ ഏതു ഭാഗത്ത് വെയ്ക്കാനും സീലിംഗിൽ ഘടിപ്പിക്കാനും സാധിക്കും. പൊടി, കീടങ്ങൾ, വൈറസുകൾ തുടങ്ങിയവയെ വലിച്ചെടുക്കാൻ കഴിയുന്ന സാംസംഗിന്റെ വൈറസ് ഡോക്ടർ കിറ്റ് 360 കാസറ്റ് ഡിസൈൻ എസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

29 ശതമാനം വരെ ശേഷി വർധന സാധ്യമാക്കുന്ന ഫഌഷ് ഇൻജെക്ഷൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന സൂപ്പർ ഇൻവർട്ടർ സ്‌ക്രോൾ കംപ്രസറിനൊപ്പം ബൈപ്പാസ് വാൽവും സാംസംഗ് 30 എച്ച്പി സൂപ്പർ ഡിവിഎമ്മിനെ വ്യത്യസ്തമാക്കുന്നു.

അപ്പാർട്ട്‌മെന്റിനോ ഓഫീസ് കെട്ടിടത്തിനോ ആവശ്യമായ മുഴുവൻ എയർ കണ്ടീഷനിംഗും സാധ്യമാക്കുന്ന വിആർഎഫ് യൂണിറ്റുകളാണ് ഡിവിഎം എസ് ഇകോ 14 എച്ച്പിയുടേത്. ഇതുവഴി ഒന്നിലധികം വിആർഎഫ്  യൂണിറ്റുകളുടെ ആവശ്യം ഇല്ലാതാവുകയും ചെലവ് കുറയുകയും ചെയ്യുന്നു. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇൻവർട്ടർ സ്‌ക്രോൾ കംപ്രസറും കൊറുഗേറ്റ് ഫിന്നും വിപണിയിലുള്ള മറ്റു സൈഡ് ഡിസ്ചാർജ് യൂണിറ്റിനെ അപേക്ഷിച്ച് 20 ശതമാനം വർധിച്ച പ്രവർത്തന ക്ഷമതയും 10 ശതമാനം വർദ്ധിച്ച എയർ ഫ്‌ളോയും സാധ്യമാക്കുന്നു.

ഫ്‌ലാഷ് ഇൻജെക്ഷൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ബിഎൽഡി ഇൻവർട്ടർ സ്‌ക്രോൾ കംപ്രസറിന്റെ സഹായത്തോടെ -20 ഡിഗ്രി സെൽഷ്യസോളം കുറഞ്ഞ താപനിലയിലും 75 ശതമാനം വരെ ചൂടു നിലനിർത്താൻ സാധിക്കുമെന്നതാണ് സാംസംഗിന്റെ ഡിവിഎം ചില്ലറിന്റെ മേന്മ.