സാംസംഗ് നോയിഡ പ്ലാന്റ് ശേഷി ഇരട്ടിയാക്കും

Posted on: June 8, 2017

കൊച്ചി : സാംസംഗ് ഇലക്‌ട്രോണിക്‌സ് ഇന്ത്യയിലെ ഉത്പാദനശേഷി വർധിപ്പിക്കുന്നതിനായി 4,915 കോടി രൂപയുടെ നിക്ഷേപം നടത്തും. സ്മാർട്ട്‌ഫോൺ, റെഫ്രിജിറേറ്റർ, ഫ്‌ളാറ്റ് പാനൽ ടെലിവിഷൻ എന്നിവ നിർമിക്കുന്ന നോയിഡ പ്ലാന്റിന്റെ സ്ഥാപിതശേഷി ഉയർത്തുന്നതിനാണ് ഈ നിക്ഷേപം. ഉത്തർപ്രദേശ് ഗവൺമെന്റിന്റെ സൂപ്പർ മെഗാ പോളിസിയിൽപ്പെടുത്തി അടുത്തയിടെയാണ് ഈ പദ്ധതിക്ക് അനുമതി നൽകിയത്.

ഇപ്പോഴത്തെ ഉത്പാദനസൗകര്യങ്ങളോടു ചേർന്ന് 35 ഏക്കറിലാണ് വികസന പദ്ധതി നടപ്പാക്കുന്നത്. വികസനപദ്ധതി പൂർത്തിയാകുന്നതോടെ മൊബൈൽഫോൺ, റെഫ്രിജിറേറ്റർ എന്നിവയുടെ ഉത്പാദനശേഷി ഇരട്ടിയാകും.

പുതിയ യൂണിറ്റിന്റെ ഭൂമി പൂജ നടത്തി. കേന്ദ്ര കമ്യൂണിക്കേഷൻ ആൻഡ് ഐടി മന്ത്രി രവി ശങ്കർ പ്രസാദ്, ഉത്തർപ്രദേശ് വ്യവസായ വികസനമന്ത്രി സതീഷ് മഹാന, നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, സാംസംഗ് ഇലക്‌ട്രോണിക്‌സ് സിഇഒ ജെ കെ ഷിൻ, സാംസംഗ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ എച്ച് സി ഹോംഗ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.