ജവഹർ നവോദയ വിദ്യാർത്ഥികൾക്ക് സാംസംഗ് സ്റ്റാർ സ്‌കോളർ സ്‌കോളർഷിപ്പ്

Posted on: January 16, 2017

കൊച്ചി : ഐഐടി, എൻഐടികളിലേക്ക് യോഗ്യത നേടുന്ന ജവഹർ നവോദയ വിദ്യാലയകളിലെ മികച്ച 150 വിദ്യാർത്ഥികൾക്ക് സാംസംഗ് സ്റ്റാർ സ്‌കോളർ സ്‌കോളർഷിപ്പ് നൽകുന്നതായി സാംസംഗ് ഇന്ത്യ പ്രഖ്യാപിച്ചു.

സാംസംഗ് സ്റ്റാർ സ്‌കോളർ പ്രോഗ്രാമിലേക്കുള്ള വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് 2016-17 അക്കാദമിക് വർഷത്തിൽ ബി ടെക്/ഡ്യുവൽ ഡിഗ്രി (ബിടെക്ക് + എംടെക്ക്) സെഷനിൽ അവരുടെ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ) മെയിനിൽ റാങ്ക് അടിസ്ഥാനത്തിൽ ആയിരിക്കും. സ്‌കോളർഷിപ്പ് സ്വീകർത്താക്കൾക്ക് പ്രതിവർഷം 2 ലക്ഷം രൂപ വരെ സാമ്പത്തിക പിന്തുണ ലഭിക്കും.

സാംസംഗ് സ്റ്റാർ സ്‌കോളർ പ്രോഗ്രാമിലൂടെ താഴ്ന്ന വരുമാനമുള്ളവരും എന്നാൽ അസാധാരണമായ കഴിവുകളുള്ളതുമായ വിദ്യാർത്ഥികൾക്ക് നമ്മുടെ രാജ്യത്തെ മികച്ച കോളേജുകളിലും സർവകലാശാലകളിലും വിദ്യാഭ്യാസം നടത്താൻ അവസരം ഒരുക്കി കൊടുക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ വിദ്യാർത്ഥികൾ അക്കാദമിക് സാമർത്ഥ്യം പുലർത്തുന്നവരാണ്. അവരുടെ ജീവിതത്തിൽ ഒരു മാറ്റം കൊണ്ടു വരുന്നതിലൂടെ അവരുടെ ലക്ഷ്യം നിറവേറ്റാൻ സാധിക്കും എന്ന് സാംസംഗ് ഇന്ത്യ വൈസ് പ്രസിഡന്റ് ദീപക് ഭരദ്വാജ് അറിയിച്ചു. സാംസംഗ് സ്റ്റാർ സ്‌കോളർ പ്രോഗ്രാമിന് ജനുവരി 20 വരെ അപേക്ഷ സമർപ്പിക്കാം.