പ്ലാസ്റ്റിക് പാക്കേജിംഗ് ഒഴിവാക്കി സാംസംഗ് ഇലക്ട്രോണിക്‌സ്

Posted on: January 29, 2019

കൊച്ചി : പാക്കിംഗ് സാമഗ്രികളില്‍ നിന്ന് പ്ലാസ്റ്റിക് ഒഴിവാക്കി കടലാസും മറ്റു പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കളും ഉപയോഗിക്കുന്നതിന് ഈ വര്‍ഷം തുടക്കം കുറിക്കുമെന്ന് സാംസംഗ് ഇലക്ട്രോണിക്‌സ് പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണുകളും ടാബ് ലെറ്റുകളും മുതല്‍ ഗൃഹോപകരണങ്ങള്‍ വരെയുള്ള ഉത്പന്നങ്ങളുടേയും അനുബന്ധ സാമഗ്രികളുടേയും പാക്കിംഗിന് ഈ വര്‍ഷത്തിന്റെ ഒന്നാം പകുതി മുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കള്‍, പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്, കടലാസ് എന്നിവയാവും ഉപയോഗിക്കുക.

മൊബൈല്‍ ഫോണിനും മറ്റുമുള്ള ഹോള്‍ഡര്‍ ട്രേക്കു വേണ്ടി പ്ലാസ്റ്റിക്കിനു പകരം പള്‍പ്പ് മോള്‍ഡ് ആവും ഉപയോഗിക്കുക. ബാഗുകള്‍ പൊതിയാനുള്ള ആവശ്യത്തിന് പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കളും പ്രയോജനപ്പെടുത്തും. ഫോണ്‍ ചാര്‍ജറുകളുടെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി തിളങ്ങുന്ന പ്രതലത്തിനു പകരം മാറ്റ് ഫിനിഷ് ഏര്‍പ്പെടുത്തും. ഇതു വഴി പ്ലാസ്റ്റിക് ഫിലിമുകള്‍ ഒഴിവാക്കാനാവും.

ടിവി, റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷനറുകള്‍, വാഷിംഗ് മെഷിനുകള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവയ്ക്ക് പുനചംക്രമണം നടത്തിയ വസ്തുക്കള്‍, ബയോ പ്ലാസ്റ്റിക് എന്നിവയുടെ ബാഗുകള്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കും. കടലാസിന്റെ കാര്യത്തില്‍ ആഗോള പരിസ്ഥിത സംഘടനകളുടെ സാക്ഷ്യപ്പെടുത്തല്‍ ഉള്ള ഫൈബര്‍ സാമഗ്രികളാവും സാംസംഗ് ഉപയോഗിക്കുക.

ഈ നീക്കങ്ങളിലൂടെ സമൂഹത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ സാംസംഗ് ഇലക്ട്രോണിക്‌സ് ഒരു പടി കൂടി മുന്നോട്ടു കുതിച്ചിരിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സാംസംഗ്് ആഗോള ഉപഭോക്തൃ സംതൃപ്തി കേന്ദ്രം മേധാവി ഗിയോഹ് ബിന്‍ ജിയോണ്‍ പറഞ്ഞു.