സൗരോര്‍ജ ബോട്ടുമായി സമുദ്ര ഷിപ്പ്യാര്‍ഡ്

Posted on: February 17, 2021

അരൂര്‍ : മാലിന്യ മുക്തമാക്കുന്ന ദേശീയ ജലപാതയിലൂടെ യാത്രചെയ്യാന്‍ പ്രകൃതിയെ നോവിക്കാത്ത സൗരോര്‍ജ ബോട്ടുമായി അരൂരിലെ ‘സമുദ്ര ഷിപ്പ്യാര്‍ഡ്’. ദേശീയ ജലപാതയുടെ വീണ്ടെടുക്കലുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന പ്രത്യേക പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്രചെയ്താണ് സൗരോര്‍ജ ബോട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് വേണ്ടിയാണ് ആദ്യ സൗരോര്‍ജ ബോട്ട് നിര്‍മിച്ചത്.

15-മീറ്റര്‍ നീളവും നാലര മീറ്റര്‍ വീതിയും ഒറ്റ ചട്ടക്കൂടുമുള്ളതാണ് ബോട്ട്. വീതിയും ആഴവും കുറഞ്ഞ ജലപാതകള്‍ക്ക് ഇണങ്ങുന്ന രീതിയിലാണ് നിര്‍മാണം. തിരുവനന്തപുരം-കാസര്‍കോട് ജലപാതയില്‍ ചരിത്രപ്രാധാന്യമുള്ള വര്‍ക്കല തുരങ്കത്തില്‍ക്കൂടി കടന്നുപോകാന്‍ പറ്റിയ വിധത്തിലാണ് സോളാര്‍ ബോട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു ട്രെയ്ലറില്‍ കയറ്റി റോഡ് മാര്‍ഗം എവിടേയും കൊണ്ടുപോകാനും കഴിയും.

76-കിലോവാട്ട് ബാറ്ററി പുതിയ സാങ്കേതിക വിദ്യയില്‍ ലിഥിയം അയേണ്‍ ഫോസ്ഫര്‍ കലര്‍ന്നതാണ്. ലോകത്തിലെ ആദ്യത്തെ ലിക്വിഡ് കൂള്‍ ബാറ്ററിയാണിത്. 15-കിലോവാട്ട് ശേഷിയുള്ള മോട്ടോര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. എട്ടു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാം.ഫൈബര്‍ ബോട്ടിലെ ബയോ ടോയ്ലറ്റ് ഡി.ആര്‍.ഡി. സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഒരുതുള്ളി മലിനജലം പോലും പുഴയിലോ കായലിലോ കലരില്ലെന്ന് സമുദ്ര ഷിപ്പ്യാര്‍ഡ് ചെയര്‍മാന്‍ ഡോ. എസ്. ജീവന്‍ പറഞ്ഞു.