വനം വകുപ്പും ഐ ആര്‍ എല്ലുമായി സഹകരിച്ച് പരിസ്ഥിതി സംരക്ഷണ പദ്ധതിയുമായി എംബസി ടോറസ് ടെക്‌സോണ്‍

Posted on: November 27, 2023


തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് രംഗത്തെ ആഗോള പ്രമുഖരായ എംബസി ടോറസ് ടെക്‌സോണ്‍ പരിസ്ഥിതി സംരക്ഷണത്തിന് സംസ്ഥാന വനം വകുപ്പിന്റെയും ഇന്ത്യന്‍ റേസിംഗ് ലീഗി(ഐ ആര്‍ എല്‍)ലെ കൊച്ചി ഗോഡ്സ്പീഡ് ടീമിന്റെയും പങ്കാളിത്തത്തോടെ ‘എ ട്രീ ഫോര്‍ എവെരി ലാപ്’ ഹരിത പദ്ധതി നടപ്പാക്കുന്നു. രാജ്യത്ത് ഇത്തരത്തില്‍ പ്രഥമമായ സംരംഭത്തിന്റെ ഭാഗമായി ഇക്കൊല്ലത്തെ ഐ ആര്‍ എല്‍ പതിപ്പില്‍ കൊച്ചി ഗോഡ്സ്പീഡ് ടീം പിന്നിടുന്ന ഓരോ ലാപ്പിലും ഓരോ മരം നടും. തിരുവനന്തപുരം കഴക്കൂട്ടം ഫ്ളൈഓവറിനു താഴെയാണ് വനം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നത്.

പരിസ്ഥിതി സംരക്ഷണം പ്രധാന ഉത്തരവാദിത്വമായി കണ്ട് പ്രതിബദ്ധതയോടെ ആവിഷ്‌കരിച്ച കാമ്പയിനാണിതെന്ന് ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്സ് ഇന്ത്യ റിയല്‍ എസ്റ്റേറ്റ് അഡൈ്വസറി എല്‍എല്‍പി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആര്‍ അനില്‍കുമാര്‍ പറഞ്ഞു. പ്രകൃതിയുമായി ഇണങ്ങിയതും തിരുവനന്തപുരത്തിനു യോജിച്ച കാഴ്ചപ്പാടിന് അനുസൃതമായതുമായ വികസനവും ബിസിനസുമാണ് ലക്ഷ്യമിടുന്നത്.

വനസമ്പത്തിന്റെ പരിപാലനം പ്രാഥമികവും പ്രധാനവുമായ ഉത്തരവാദിത്വമാണെന്ന് സംസ്ഥാന വനം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പുകഴേന്തി പളനി പറഞ്ഞു. പരിസ്ഥിതി പുനഃസ്ഥാപന യജ്ഞത്തിനായി വനം വകുപ്പുമായി കൈകോര്‍ത്തുകൊണ്ട് കേരളത്തിലെ കാര്‍ റേസിംഗ് ടീം ലോകത്തിനു മഹത്തായ സന്ദേശമാണ് നല്‍കുന്നത്. ഈ ആശയം മുന്നോട്ടുവച്ചു എംബസി ടോറസ് ടെക്‌സോണുമായി പങ്കാളിത്ത പദ്ധതിക്ക് തയ്യാറായ കൊച്ചി ഗോഡ്സ്പീഡ് ടീം പ്രിന്‍സിപ്പാള്‍ ജോസഫ് പൊട്ടന്‍കുളത്തിന്റെ സമീപനം അഭിനന്ദനീയമാണ്. സ്പീഡില്‍ നിന്ന് പച്ചപ്പിലേക്കുള്ള സംരംഭത്തില്‍ എംബസി ടോറസ് ടെക്‌സോണും ഗോഡ്സ്പീഡും വനംവകുപ്പും ഒരേ ടീമില്‍ ഭാഗഭാക്കാണെന്നും അദ്ദേഹം പറഞ്ഞു.

എഫ് – 3, എഫ് – 4 റേസിംഗുകളിലൂടെ എഫ് -1 നായി ടീമിനെ സജ്ജമാക്കാന്‍ ആവേശത്തോടെ യത്‌നിക്കുമ്പോഴും സാമൂഹിക പ്രതിബദ്ധത ഓരോ പ്രവര്‍ത്തനത്തിലും പുലര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് റേസിംഗ് പ്രൊമോഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ അഖിലേഷ് റെഡ്ഡി പറഞ്ഞു. ഗോഡ്സ്പീഡ് ‘ഓരോ ലാപ്പിലും ഒരു മരം’ പദ്ധതി അര്‍ത്ഥവത്തായ സാമൂഹിക ഇടപെടലിനെ സാക്ഷ്യപ്പെടുത്തുന്നതാണ്. മോട്ടോര്‍സ്പോര്‍ട്സ് വിപണിയില്‍ വ്യത്യസ്തത പകരുന്നതുമാണ് സംരംഭമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴക്കൂട്ടം മേല്‍പ്പാലത്തിന് താഴെയുള്ള സ്ഥലം ഹരിതവത്ക്കരിക്കുന്നതിനും മനോഹരമാക്കുന്നതിനും എംബസി ടോറസ് ടെക്‌സോണ്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ വായു മലിനീകരണ ലഘൂകരണം, റോഡ് സുരക്ഷ, മാലിന്യ സംസ്‌കരണം, മയക്കുമരുന്ന് ഉപയോഗം തടയല്‍ എന്നിവ സംബന്ധിച്ച ബോധവല്‍ക്കരണത്തിന് പ്രാദേശിക കൂട്ടായ്മകളെ ഭാഗഭാക്കാക്കി കര്‍മ്മപരിപാടികള്‍ തയ്യാറാക്കുന്നുണ്ട്. സ്‌പോര്‍ട്ട്‌സിനു കൂടുതല്‍ ഊന്നല്‍ നല്‍കി മയക്കുമരുന്ന് വിപത്തിനെതിരെ മികച്ച പ്രതിരോധ ഉപാധിയാക്കും.

പ്ലാസ്റ്റിക് മാലിന്യം തടയുന്നതിനായി ഗ്രീന്‍ വേംസ് ഇക്കോ സൊല്യൂഷന്‍സുമായി സഹകരിച്ച് നിലവില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉത്തരവാദിത്തത്തോടെ പുനരുപയോഗം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഗ്രീന്‍ വേംസ് ഇക്കോ സൊല്യൂഷന്‍സ് എന്ന എന്‍ജിഒ ഇതേസമയം തന്നെ നടത്തി വരികയാണ്.

തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ 1.5 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഓഫീസ് സ്പേസുള്ള എംബസി ടോറസ് ടെക്സോണ്‍ ഡിസംബര്‍ അഞ്ചോടെ ആദ്യ ബിസിനസ് ഇടപാടിന് ഒരുങ്ങുകയാണ്. എംബസി ഗ്രൂപ്പും ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സ് ഇന്ത്യയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി ഇതിനകം ദക്ഷിണേന്ത്യയിലെ കൂടുതല്‍ അഭിലഷണീയമായ ഐടി, ഐടിഇഎസ് ലക്ഷ്യസ്ഥാനമായി ശ്രദ്ധ നേടിയിട്ടുണ്ട്.

എംബസി ടോറസ് ടെക്സോണ്‍ ഓഫീസ് മന്ദിരങ്ങള്‍ ലീഡ് ഗോള്‍ഡ് റേറ്റിങ് കരസ്ഥമായാക്കിയവയാണ്. ആധുനിക വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമായ ഗുണനിലവാരവും സുസ്ഥിരതയും ഊര്‍ജ്ജ-കാര്യക്ഷമതയുമുള്ള വര്‍ക്ക് സ്പേസുകളാണ് ഇവ.

തിരുവനന്തപുരം ടെക്നോപാര്‍ക്ക് മൂന്നാം ഘട്ട വിവിധോദ്ദേശ്യ വികസന പദ്ധതിയില്‍ എംബസി ടോറസ് ടെക്സോണും ഭാഗമാണ്. 700,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ‘ടോറസ് സെന്‍ട്രം’ മാള്‍, ‘ടോറസ് യോസെമൈറ്റ്’ നോണ്‍-സെസ് ഓഫീസ് മന്ദിരം, ‘അസെറ്റ് ടോറസ് ഐഡന്റിറ്റി’ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകള്‍, ഹോട്ടല്‍ എന്നിവയെല്ലാമുള്ള ‘ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം’ ടെക്നോപാര്‍ക്ക് മൂന്നാം ഘട്ട വിവിധോദ്ദേശ്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുന്നു.