ലൂർദ് ആശുപത്രിക്ക് ഗ്രീൻ ഒ.ടി. അംഗീകാരം

Posted on: July 4, 2019

കൊച്ചി : ലൂർദ് ആശുപത്രിക്ക് മികച്ച ഓപ്പറേഷൻ തീയറ്ററിനുളള ഗ്രീൻ ഒ.ടി അംഗീകാരം. ഓപ്പറേഷൻ തീയറ്ററുകളിലെ സുരക്ഷിതത്വത്തിനുള്ള അന്തർദേശീയ മാനദണ്ഡങ്ങൾ മികവോടെ പാലിക്കുന്നതിനുള്ള ഗ്രീൻ ഒ.ടി അംഗീകാരം 2016 ൽ ഉയർന്ന സ്‌കോറിൽ ലൂർദ് ആശുപത്രിക്ക് ലഭിച്ചിരുന്നു.

പ്രകൃതി സൗഹൃദ അന്തരീക്ഷം ഗ്രീൻ ഒ.ടി അംഗീകാരമുളള ഓപ്പറേഷൻ തീയേറ്ററുകളിൽ നിലനിർത്തുന്നുണ്ടെന്നതിനുള്ള സാക്ഷ്യപ്പെടുത്തലിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സർവൈലൻസ് വിസിറ്റിൽ 98.8 സ്‌കോറോടുകൂടി കേരളത്തിലെ ഏറ്റവും മികച്ച ഓപ്പറേഷൻ തീയേറ്ററുകളിൽ ഒന്നായി ലൂർദ് വീണ്ടും നേട്ടം കൈവരിച്ചു.

അന്തർദേശീയ അക്രഡിറ്റേഷൻ ഏജൻസിയായ ബ്യൂറോ വെരിത്താസ് അനുശാസിക്കുന്ന അമ്പതോളം മാനദണ്ഡങ്ങൾ മികവോടെ ലൂർദ് ആശുപത്രി പാലിക്കുന്നതിനുളള അംഗീകാരം കൂടിയാണിത്. മികച്ച അണുബാധ നിയന്ത്രണം, രോഗികൾക്കും ആരോഗ്യശുശ്രൂഷകർക്കുമുള്ള സുരക്ഷാ സംവിധാനങ്ങൾ, അന്തർദേശീയ ശസ്ത്രക്രിയാ സംവിധാനങ്ങൾ, ശാസ്ത്രീയമായ മാലിന്യ നിർമ്മാർജനം, പ്രകൃതി സൗഹൃദ അന്തരീക്ഷം നിലനിർത്തുവാനുള്ള മാനേജ്‌മെന്റിന്റെ പ്രതിജ്ഞാബദ്ധത എന്നിവ ഈ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നു.

ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും അന്താരാഷ്ട്ര തലത്തിൽ ചർച്ചാവിഷയമായി ക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഹോസ്പിറ്റലിൽ നിന്നും ഓപ്പറേഷൻ തീയേറ്ററുകളിൽ നിന്നും വമിക്കുന്ന അനസ്‌ത്യേഷ്യ വാതകങ്ങൾ മൂലമുള്ള അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുവാൻ ആശുപത്രികൾ തന്നെ മുൻ കൈയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ലൂർദ് ഹോസ്പിറ്റൽ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസേർച്ച് ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ പറഞ്ഞു.

ലോകത്തിലെ പ്രമുഖ സർട്ടിഫിക്കേഷൻ സർവീസ് പ്രൊവൈഡർ ആയ ബ്യൂറോ വെരിത്താസും പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അബേട്ട് ഇന്ത്യയും സംയുക്തമായി നല്കുന്ന പുതുക്കിയ ഗ്രീൻ ഒ.ടി സർട്ടിഫിക്കേഷൻ അബേട്ട് ഇന്ത്യ റീജണൽ സെയിൽസ് ട്രെയിനിംഗ് ആൻഡ് ഡെവലപ്പ്‌മെന്റ് മാനേജർ ഷമ്മീക്ക് കാന്തി ഘോഷ് ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിലിന് കൈമാറി. ലൂർദ് ആശുപത്രി അസ്സോസിയേറ്റ് ഡയറക്ടർ ഫാ. മേരിദാസ് കോച്ചേരി, അമൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.