ലൂര്‍ദ് ആശുപത്രിയില്‍ സമഗ്ര അപസ്മാര ചികിത്സാ കേന്ദ്രവും സ്ലീപ് ഡിസോര്‍ഡര്‍ പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു

Posted on: December 5, 2022

കൊച്ചി : ലൂര്‍ദ് ആശുപത്രി ന്യൂറോ സെന്ററിന്റെ നേതൃത്വത്തില്‍ അപസ്മാര രോഗത്തിനുള്ള സമഗ്രമായ ചികിത്സാ സംവിധാനങ്ങളുമായി എപ്പിലെപ്‌സി ചികിത്സാ കേന്ദ്രവും സ്ലീപ് ഡിസോര്‍ഡര്‍ പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു. മരുന്ന് കൊണ്ട് 60 ശതമാനവും തടയാന്‍ കഴിയുന്ന രോഗത്തിനെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ട് തന്നെ കൃത്യമായി ചികിത്സ ലഭിക്കാതെ വരുന്നു. ഇത് ഇല്ലാതാക്കി കൂടുതല്‍ ആളുകളിലേക്ക് രോഗത്തെക്കുറിച്ചും ചികിത്സയുടെ പ്രാധാന്യത്തെ കുറിച്ചും അവബോധം നല്‍കാന്‍ കൂടിയാണ് ഈ ഒരു സംരംഭം ലൂര്‍ദ് ആശുപത്രിയില്‍ ആരംഭിച്ചിരിക്കുന്നത്.

ന്യൂറോളജി കോണ്‍സള്‍ട്ടന്റ് , ന്യൂറോ സര്‍ജന്‍, ന്യൂറോ റേഡിയോളോജിസ്റ്റ്, ന്യൂറോ സൈക്കോളജിസ്റ്റ്, എന്നിവരാണ് ഈ സമഗ്രമായ ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുക. വീഡിയോ ഇ ഇ ജി പോലുള്ള ചികിത്സ പഠനത്തിലൂടെ കൃത്യമായി രോഗകാരണം കണ്ടെത്തി അതിവേഗം ചികിത്സ നല്‍കാന്‍ ഇതിലൂടെ സാധിക്കും. ലൂര്‍ദ് ന്യൂറോളജി സീനിയര്‍ കോണ്‍സള്‍ട്ടന്റ് ഡോ. സൗമ്യ വി സി യുടെ നേതൃത്വത്തിലാണ് എപ്പിലെപ്‌സി പ്രോഗ്രാമും സ്ലീപ് ഡിസോര്‍ഡര്‍ പ്രോഗ്രാമും സബ് സ്പെഷ്യാലിറ്റി ക്ലിനിക്കും പ്രവര്‍ത്തിക്കുന്നത്.

ന്യൂറോളജി വിഭാഗം മേധാവി ഡോ.ശ്രീറാം പ്രസാദിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ സര്‍ജറിയുടെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളും ഇതോടൊപ്പം നടത്തി. പാര്‍ക്കിന്‍സണ്‍സ് രോഗം, ഡിസ്റ്റോണിയ തുടങ്ങിയ ചലന വൈകല്യങ്ങളാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ആശ്വാസമായി ആധുനിക വൈദ്യ ശാസ്ത്രം ആവിഷ്‌ക്കരിച്ചിരിക്കുന്ന ചികിത്സാ പ്രക്രിയയാണ് ഡിബിഎസ് പ്രോഗ്രാം.

തലച്ചോറിലെ നിശ്ചിത സ്ഥലത്ത് ഇലക്ട്രോഡുകള്‍ സ്ഥാപിച്ച് അതിലൂടെ വളരെ ചെറിയ തോതിലുളള ഇലക്ട്രിക്കല്‍ പള്‍സ് പ്രവഹിക്കു മ്പോള്‍ ചലന വൈകല്യത്തിന് ആശ്വാസം ലഭിക്കുന്നു. വളരെ സങ്കീര്‍ണ്ണവും കൃത്യത ഏറിയ ശസ്ത്രക്രിയയും നിരന്തര പരിശീലനവും കൊണ്ടാണ് ഇതിന്റെ പൂര്‍ണ്ണ സൗഖ്യം ലഭിക്കുക. ലൂര്‍ദ് അപ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷമായി 24 ഡിബിഎസ് സര്‍ജറികള്‍ പൂര്‍ത്തിയാക്കി. കേരളത്തില്‍ ഡിബിഎസ് സര്‍ജറികള്‍ നടത്തുന്ന 5 ആശുപത്രികളില്‍ ഒന്നാണ് ലൂര്‍ദ് ആശുപത്രി. ഡിബിഎസ് നടത്തുന്ന ഏക മിഷന്‍ ആശുപത്രിയായത് കൊണ്ട് ഏറ്റവും കുറഞ്ഞ ചിലവില്‍ സര്‍ജറി നടത്താന്‍ കഴിയും.

വരാപ്പുഴ അതിരൂപതാ ചാന്‍സലര്‍ റവ ഫാ. എബിജിന്‍ അറക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ടെലി വിഷന്‍ താരം വിനയ് മാധവ് എപ്പിലെപ്‌സി പ്രോഗ്രാമിന്റെയും സ്ലീപ് സ്റ്റഡി ക്ലിനിക്കിന്റെയുംഉദ്ഘാടനം നിര്‍വഹിച്ചു.

ലൂര്‍ദ് ഇന്‍സ്റ്റിട്യൂഷന്‍സ് ഡയറക്ടര്‍ ഫാ. ഷൈജു തോപ്പില്‍, ന്യൂറോളജി വിഭാഗം മേധാവി ഡോ.ശ്രീറാം പ്രസാദ്, ന്യൂറോ സര്‍ജന്‍ ഡോ. അര്‍ജുന്‍ ചാക്കോ എന്നിവര്‍ സംസാരിച്ചു. ലൂര്‍ദ് ന്യൂറോളജി സീനിയര്‍ കോണ്‍സള്‍ട്ടന്റ് ഡോ. സൗമ്യ വി സി എപ്പിലെപ്‌സി പ്രോഗ്രാമിനെ കുറിച്ച് വിശദീകരിക്കുകയും ബോധവത്കര ക്ലാസ്സിന് നേതൃത്വം നല്‍കുകയും ചെയ്തു.