സൗരോര്‍ജ പദ്ധതിക്കു സിയാല്‍ രണ്ടാം സബ് സ്റ്റേഷന്‍ തുറന്നു

Posted on: May 16, 2019

നെടുമ്പാശ്ശേരി : കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാല്‍) സൗരോര്‍ജ പദ്ധതിക്കുവേണ്ടി മാത്രമായി പുതിയ വൈദ്യുതി സബ് സ്റ്റേഷന്‍ നിര്‍മിച്ചു. 16 കോടി രൂപയാണ് ചെലവ്. സൗരോര്‍ജ പ്ലാന്റില്‍ നിന്നുള്ള വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്കു നല്‍കാനും ആവശ്യമുള്ളപ്പോള്‍ ഗ്രിഡില്‍ നിന്നു തിരിച്ചെടുക്കാനുമായി ഒരു സബ് സ്‌റ്റേഷന്‍ മാത്രമാണ് ഉണ്ടായിരുന്നത്.

സൗരോര്‍ജ സ്ഥാപിത ശേഷി വര്‍ദ്ധിച്ചതോടെ ഇതു മതിയാകാതെ വന്ന സാഹചര്യത്തിലാണ് സൗരോര്‍ജ വൈദ്യുതി ഗ്രിഡിലേക്കു നല്‍കാന്‍ മാത്രമായി പുതിയ 110 കെ വി സബ് സ്റ്റേഷന്‍ നിര്‍മ്മിച്ചത്.
പഴയ സബ് സ്റ്റേഷന്‍ ഇനി സൗരോര്‍ജം ലഭ്യമല്ലാത്തപ്പോള്‍ ഗ്രിഡില്‍ നിന്നു വൈദ്യുതിയെടുക്കുന്നതിനു മാത്രമായി പ്രയോജനപ്പെടുത്തും.

സിയാല്‍ ഇലക്ട്രിക്കല്‍ വിഭാഗമാണ് പുതിയ സബ് സ്റ്റേഷന്‍ രൂപകല്‍പന ചെയ്തത്. 40 മെഗാവാട്ട് ആണ് സിയാലിന്റെ സൗരോര്‍ജ സ്ഥാപിതശേഷി. പ്രതിദിനം 1.36 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. പ്രിതിദിന ഉപയോഗം 1.53 ലക്ഷം യൂണിറ്റ് ആണ്.. സൗരോര്‍ജ ഉത്പാദനത്തിലൂടെ വര്‍ഷം തോറും 36 കോടി രൂപ സിയാല്‍ ലാഭിക്കുന്നുണ്ട്.

സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി. ജെ. കുര്യന്‍ സബ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു.ടെല്‍ക് മാനേജിംഗ് ഡയറക്ടര്‍ ബി. പ്രസാദ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ. സി. കെ നായര്‍ എ. എം. ഷബീര്‍ സിഎഫ്ഒ സുനില്‍ ചാക്കോ, ഡിജിഎം സതീഷ് പൈ, കണ്‍സല്‍റ്റന്റ് രാജന്‍ ബാബു എന്നിവര്‍ പങ്കെടുത്തു.

TAGS: Cial |