വയനാട്ടിൽ ആസ്റ്റർ ഹോമുകൾ നിർമ്മിക്കാൻ ആസ്റ്റർ ഡിഎം ഫൗണ്ടേഷനും ജോയ് അറക്കലും കൈകോർക്കുന്നു

Posted on: September 24, 2019

ദുബായ് : ആസ്റ്റർ ഡിഎം ഫൗണ്ടേഷനും, ഇന്നോവ റിഫൈനിങ്ങ് ആൻഡ് ട്രേഡിങ്ങ് എഫ്.ഇസെഡ്.ഇ യുഎഇയും തമ്മിൽ കേരളത്തിലെ വയനാട്ടിൽ സി.എസ്.ആർ സംരംഭങ്ങൾക്കായുളള ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

വീട് നഷ്ടമായ പ്രളയബാധിതർക്ക് 250 വീടുകൾ പ്രഖ്യാപിച്ചുകൊണ്ട്, കേരളം പുനർനിർമിക്കുക എന്ന ലക്ഷ്യത്തോടെ 2018 ലാണ് ആസ്റ്റർ ഹോംസ് സംരംഭത്തിന് തുടക്കമിട്ടത്. 250 വീടുകളിൽ നൂറോളം വീടുകളുടെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്, അവയിൽ പലതും വൈകാതെ തന്നെ അർഹരായവർക്ക് കൈമാറാനാകും. നിലവിൽ 8000 ൽ അധികം സന്നദ്ധപ്രവർത്തകരുളള ആസ്റ്റർ വോളണ്ടിയേഴ്‌സ് പ്രോഗ്രാമിന് ഇന്നുവരെ, ഒരു ദശലക്ഷത്തിലധികം ജീവിതങ്ങൾക്ക് സാന്ത്വന സ്പർശമാകാൻ സാധിച്ചിട്ടുണ്ട്.

കേരളത്തിലുണ്ടായ പ്രളയങ്ങളിൽ എല്ലാം നഷ്ടപ്പെട്ട ആളുകൾക്ക് അഭയം നൽകാനുളള പദ്ധതികളിൽ പ്രചോദനം ഉൾക്കൊണ്ട് ജോയ് അറക്കൽ കേരളത്തിലെ വയനാട് മേഖലയിൽ 2.5 ഏക്കർ സ്ഥലം ദാനം ചെയ്തുകൊണ്ട് ആസ്റ്റർ ഹോംസ് പദ്ധതിക്ക് പിന്തുണ നൽകി മുന്നോട്ട് വന്നിരിക്കുകയാണ്. ഇവിടെ 35-40 ഓളം വീടുകൾ ആസ്റ്റർ വോളണ്ടിയേഴ്‌സ് നിർമ്മിക്കുകയും ആസ്റ്റർ അറക്കൽ ഹോംസ് എന്ന് നാമകരണം ചെയ്യുകയും ചെയ്യും.

മേൽപ്പറഞ്ഞവയ്ക്ക് പുറമേ, വയനാട്ടിലെ ഉൾപ്രദേശങ്ങളിലെ ആർഹതപ്പെട്ടവർക്ക് സേവനം നൽകുന്ന ഒരു സമ്പൂർണ്ണ ആസ്റ്റർ വൊളണ്ടിയേർസ് മൊബൈൽ ക്ലിനിക്കും ജോയ് അറക്കൽ സംഭാവന ചെയ്യും. ഗുണനിലവാരമുള്ള ആരോഗ്യ പരിചരണം എല്ലായ്‌പ്പോഴും പ്രാപ്യമാവാത്ത ആളുകൾക്ക് മൊബൈൽ ക്ലിനിക്ക് സൗജന്യമായി അടിസ്ഥാന ആരോഗ്യ സേവനങ്ങൾ നൽകും. ആസ്റ്റർ വയനാട് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, ഡി.എം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ആസ്റ്റർ വോളണ്ടിയർമാരാണ് ക്ലിനിക്കിന്റെ പ്രവർത്തനം ഏകോപിപ്പിക്കുക.

മെഡിക്കൽ, മെഡിക്കൽ ഇതര രംഗങ്ങളിൽ എല്ലായ്‌പ്പോഴും ആവശ്യമുളള ആളുകൾക്ക് സഹായമെത്തിക്കുന്ന എന്ന ദൗത്യമാണ് ആസ്റ്റർ വോളണ്ടിയേഴ്‌സ്് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്ന് ആസ്റ്റർ ഡിഎം ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റിയും ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആസ്റ്റർ ഹോംസ് സംരംഭം കേരളത്തിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് ഭാവിയിലേക്കുളള മികച്ച പ്രതീക്ഷ നൽകുന്നതാണ്. ഈ തലത്തിൽ പ്രദേശത്തെ സംരംഭങ്ങൾ കൂടുതൽ ത്വരിതപ്പെടുത്തിക്കൊണ്ട് ജോയ് അറക്കൽ ഞങ്ങളുമായി സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഡോക്ടർ ആസാദ് മൂപ്പൻ വ്യക്തമാക്കി.

ഡോ. ആസാദ് മൂപ്പനും ആസ്റ്റർ വോളണ്ടിയേഴ്‌സും നടത്തുന്ന സംരംഭങ്ങളിൽ നിന്ന് തനിക്ക് വലിയ പ്രചോദനമുണ്ടെന്ന് ധാരണാപത്രം ഒപ്പുവെച്ച് സംസാരിച്ച ജോയ് അറക്കൽ പറഞ്ഞു. ഈ ലക്ഷ്യത്തിൽ പങ്കുചേരുകയും വയനാട്ടിലെ നിരാലംബരായ ജനങ്ങൾക്ക് സുസ്ഥിരമായ പിന്തുണ നൽകാൻ സഹായിക്കുകയും ചെയ്യുന്നത് അഭിമാനമായി കാണുന്നു. ഞങ്ങളുടെ പങ്കാളിത്തം നിരവധി ആളുകളുടെ ജീവിതത്തിൽ നല്ല മാറ്റമുണ്ടാക്കുമെന്ന് ഉറപ്പുണ്ടെന്നും ജോയ് അറക്കൽ കൂട്ടിച്ചേർത്തു.