തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്‍മ ഹോം പദ്ധതിക്ക് തുടക്കമായി

Posted on: March 14, 2024

ഹൈദരാബാദ് : മലബാര്‍ ഗ്രൂപ്പിന്റെ ‘ഗ്രാന്‍മഹോം’, ഹംഗള്‍ ഫ്രീ വേള്‍ഡ് എന്നീ സാമൂഹിക സേവന സംരംഭങ്ങള്‍ക്ക് തെലങ്കാനയില്‍ തുടക്കമായി. ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റുമായി സഹകരിച്ചാണ് മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഈ പരിപാടി നടപ്പാക്കുന്നത്. തെലങ്കാന പഞ്ചായത്ത്രാജ്ഗ്രാമവികസന മന്ത്രി ഡി. അനസൂയ സീതക്ക ഹൈദരാബാദിലെ ചന്ദനഗറില്‍ രണ്ടു പരിപാടികളും ഉദ്ഘാടനം ചെയ്തു.

അഗതികളായ അമ്മമാരെ അന്തസായി പുനരധിവസിപ്പിക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ പദ്ധതിയാണ് ഗ്രാന്‍മ ഹോം. ചന്ദനഗറില്‍ 17,000 ചതുരശ്രയടി കെട്ടിടത്തിലാണ് ഗ്രാന്‍മ ഹോം ഒരുക്കിയിട്ടുള്ളത്. അഞ്ചുനില കെട്ടിടത്തില്‍ 135 പേര്‍ക്കുള്ള സൗകര്യം ഇപ്പോഴുണ്ട്. വയോജന പരിചരണത്തില്‍ യോഗ്യതയുള്ള വോളണ്ടിയര്‍മാരാണ് സേവനം നല്‍കുന്നത്. 24 മണിക്കൂറും വൈദ്യസേവനവും ലഭ്യമാണ്.

പോഷകസമൃദ്ധമായ ഭക്ഷണവും മരുന്നും വസ്ത്രവുമെല്ലാം സൗജന്യമാണ്. തെരുവില്‍ കഴിയുന്ന നിരാലംബരായ വ്യക്തികള്‍ക്ക് ഒരു നേരത്തെ ഭക്ഷണമെത്തിക്കുന്ന പരിപാടിയാണ് ഹംഗര്‍ ഫ്രീ വേള്‍ഡ്. ഇതിനകം ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലും 37 നഗരങ്ങളിലും ഈ പരിപാടി നടക്കുന്നുണ്ട്. ഇതുവരെ
72.24 ലക്ഷം പോഷകാഹാര പായ്ക്കറ്റുകള്‍ വിതരണം ചെയ്തു. തെലങ്കാനയില്‍ ഹംഗര്‍ ഫ്രീ വേള്‍ഡിന്റെ ഔപചാരിക ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. വാറങ്കല്‍, ഖമ്മം, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഭക്ഷണവിതരണം ആരംഭിച്ചിരുന്നു. തെലങ്കാനയിലെ കൂടുതല്‍ ജില്ലകളിലേക്ക്
താമസിയാതെ ഭക്ഷണവിതരണം വ്യാപിപ്പിക്കും.

മലബാര്‍ ഗ്രൂപ്പിന്റെ സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. തെലങ്കാനയില്‍ മാത്രം 23,000 പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയിട്ടുണ്ട്. 2024-25 വര്‍ഷം 5000 പേര്‍ക്കുകൂടി സ്‌കോളര്‍ഷിപ്പ് നല്‍കും.