വീഡിയോകോൺ ഡി2എച്ച് ഇന്ത്യയിൽ ലിസ്റ്റിംഗിന് ഒരുങ്ങുന്നു

Posted on: April 1, 2015

 

Videocon-Saurabh-Dhoot-Bigമുംബൈ : വീഡിയോകോൺ ഗ്രൂപ്പിന്റെ സാറ്റലൈറ്റ് ടെലിവിഷൻ കമ്പനിയായ വീഡിയോകോൺ ഡി2എച്ച് ഇന്ത്യൻ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നു. വീഡിയോകോൺ ഡി2എച്ച് യുഎസ് സ്റ്റോക്ക്എക്‌സ്‌ചേഞ്ചായ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ടു. 32.5 കോടി ഡോളറിന്റെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റസീറ്റ്) ഇഷ്യുവാണ് പൊതുജനങ്ങൾക്കായി കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

ഇഷ്യു പൂർത്തിയാവുമ്പോൾ 115 കോടി ഡോളർ മാർക്കറ്റ് ക്യാപ്പോടെ ഏറ്റവുമധികം മൂല്യമുള്ള ഇന്ത്യൻ കമ്പനിയായി വീഡിയോകോൺ ഡി2എച്ച് മാറും. 2000 ത്തിനുശേഷം വിദേശത്ത് ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ സ്വകാര്യ കമ്പനി, 2007-ന് ശേഷം യുഎസിൽ ഒരു ഇന്ത്യൻ കമ്പനി നടത്തുന്ന ഏറ്റവും വലിയ ഐപിഒ, 2010 ന് ശേഷം യുഎസ് എക്‌സ്‌ചേഞ്ചിൽ ഒരു ഇന്ത്യൻ കമ്പനിയുടെ ബൃഹത്തായ ലിസ്റ്റിംഗ് തുടങ്ങിയ റെക്കാർഡുകൾ സ്ഥാപിച്ചുകൊണ്ടാണ് വീഡിയോകോൺ ഡി2എച്ച് നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ സൗരഭ് ധൂത് പറഞ്ഞു.

മുൻ നിര യുഎസ് ഫണ്ടുകൾ വീഡിയോകോൺ ഡി2എച്ച് പബ്ലിക് ഇഷ്യൂവിൽ കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിക്കുന്നത്. ആഗോളതലത്തിൽ ഇന്ത്യക്ക് കൈവന്നിട്ടുള്ള പ്രാധാന്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്ന് ധൂത് അഭിപ്രായപ്പെട്ടു.

4കെ അൾട്രാ എച്ച് ഡി ചാനൽ, 100 ജിബി ഹൈഡഫനിഷൻ ഡിജിറ്റൽ വീഡിയോ റെക്കോർഡർ, റേഡിയോ ഫ്രീക്വൻസി റിമോട്ട്, വയർലെസ് ഡിറ്റിഎച്ച് ഹെഡ്‌ഫോൺ തുടങ്ങിയ പുതുമകൾ ഇന്ത്യൻ ഡിടുഎച്ച് വ്യവസായത്തിൽ ആദ്യം അവതരിപ്പിച്ചത് വീഡിയോകോൺ ഡി2എച്ചാണ്. 500-ലേറെ ചാനലുകൾ ആദ്യം ലഭ്യമാക്കിയതും വീഡിയോകോൺ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വീഡിയോകോൺ ഡി2എച്ചിന്റെ 65 ശതമാനം ഓഹരികൾ പ്രമോട്ടർമാരുടെ നിയന്ത്രണത്തിലാണ്. 35 ശതമാനം അമേരിക്കൻ ഓഹരിയുടമകളുടെ (എഡിആർ) കൈവശവുമാണെന്ന് മാനേജിംഗ് ഡയറക്ടർ സൗരഭ് ദൂത് പറഞ്ഞു. നേരത്തെ ഐപിഒ നടത്താൻ സെബിക്ക് അപേക്ഷ നൽകിയിരുന്നു. ഇപ്പോൾ ഇന്ത്യയിൽ ലിസ്റ്റിംഗിനാണ് കമ്പനി ഒരുങ്ങുന്നത്. പബ്ലിക് ഹോൾഡിംഗ് നിബന്ധനകൾ പാലിക്കാൻ പ്രമോട്ടർമാരുടെ വിഹിതത്തിൽ നേരിയ കുറവു വരുത്തേണ്ടി വരുമെന്നും സൗരഭ് ദൂത് വിശദീകരിച്ചു.

നാല് വർഷത്തിനുള്ളിൽ കസ്റ്റമർബേസ് ഇരട്ടിയാക്കാനാണ് വീഡിയോകോൺ ഡി2എച്ച് ലക്ഷ്യമിടുന്നത്. നിലവിൽ 12 ദശലക്ഷം വരിക്കാരാണ് കമ്പനിക്കുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.