എംആര്‍എഫിന്റെ വിപണിമൂല്യം 50,000 കോടി പിന്നിട്ടു

Posted on: December 11, 2023

മുംബൈ : ഇന്ത്യയിലെ ഏറ്റവും വിലയുള്ള ഓഹരിയെന്ന പെരുമയുള്ള എംആര്‍എഫിന്റെ വിപണിമൂല്യം 50,000 കോടി രൂപ പിന്നിട്ടു. എന്‍എസ്ഇയിലെ കണക്കുപ്രകാരം 50,045,48 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. ഓഹരി വിലയുള്ളത് എക്കാലത്തെയും ഉയരമായ 1.18 ലക്ഷം രൂപയിലും, 52 ആഴ്ചയിലെയും ഉയരമാണിത്.

ഇന്ത്യയിലെ ടയര്‍ നിര്‍മാതാക്കള്‍ക്കിടയിലെ രണ്ടാമത്തെ വലിയ കമ്പനിയാണ് എംആര്‍എഫ്. 50,313 കോടി രൂപ വിപണി വിഹിതവുമായി ബാലകൃഷ്ണ ഇന്‍ഡസ്ട്രീസാണ് ഒന്നാമത്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വൈകാതെ എംആര്‍എഫ് ഒന്നാം സ്ഥാനം നേടിയേക്കുമെന്നാണ് വിലയിരുത്തല്‍. അഞ്ചുവര്‍ഷം മുമ്പ് 51,970 രൂപയായിരുന്ന ഓഹരി വിലയാണ് ഇപ്പോള്‍ 1,18,000 രൂപയായത്. അഞ്ച് വര്‍ഷത്തിനിടെ എംആര്‍എ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയ നേട്ടം 84 ശതമാനത്തോളമാണ്. ഓഹരി വില ഒന്നിന് ഒരു ലക്ഷം രൂപ കടക്കുന്ന ആദ്യ ഇന്ത്യന്‍ ഓഹരിയുമാണ് എംആര്‍എഫ്. കഴിഞ്ഞ ജൂണ്‍ 14നായിരുന്നു എംആര്‍എഫിന്റെ ആചരിത്രനേട്ടം.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 30 ശതമാനത്തോളവും മൂന്ന് മാസത്തിനിടെ എട്ട് ശതമാനത്തോളവും നേട്ടം എംആര്‍എഫ് ഓഹരി നിക്ഷേപകര്‍ക്ക് തിരികെ നല്‍കി. എംആര്‍എഫിന്റെ ആകെ 42.41 ലക്ഷം ഓഹരികളാണ് ഓഹരി വിപണിയില്‍ വ്യാപാരംചെയ്യപ്പെടുന്നത്. ഇതാണ് ഓഹരിക്ക് വലിയ വിലയുണ്ടാകാനും മുഖ്യ കാരണം.

TAGS: MRF |