സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചനിരക്ക് 7% കടന്നേക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്

Posted on: May 25, 2023

ന്യൂഡല്‍ഹി : 2022-23 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചനിരക്ക് 7% കടന്നേക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. 3, 4 ക്വാര്‍ട്ടറില്‍ രാജ്യം മികച്ച പ്രകടനമാണു കാഴ്ചവച്ചതെന്നും നിരക്ക് 7% കടന്നാല്‍ അതില്‍ അദ്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. സേവന, കൃഷി മേഖലകളുടെപ്രകടനം മികച്ചതായിരുന്നു. അടിസ്ഥാന സൗകര്യമേഖലയിലെ പണം ചെലവഴിക്കലില്‍ വര്‍ധനയുണ്ട്.

സ്വകാര്യ നിക്ഷേപവും ഉയരുന്നുണ്ട്. നിര്‍മാണ യൂണിറ്റുകള്‍ നിലവില്‍ അവയുടെ 75% ശേഷിയും ഉപയോഗിക്കുന്നുണ്ട്. വിലക്കയറ്റത്തോത് അടുത്ത തവണകളില്‍ 4.7 ശതമാനത്തിനു താഴെയാകും. എങ്കിലും വിലക്കയറ്റത്തിനെതിരെയുള്ള റിസര്‍വ് ബാങ്കിന്റെ യുദ്ധം അവസാനിപ്പിക്കാറായിട്ടില്ല. എല്‍നിനോ പോ
ലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളെയും കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ പരിപാടിയിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 7 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.