ചാറ്റ്ജിപിടിയില്‍ വന്‍നിക്ഷേപം നടത്താന്‍ മൈക്രോസോഫ്റ്റ്

Posted on: January 25, 2023

സാന്‍ഫ്രാന്‍സിസ്‌കോ : ഓപ്പണ്‍ എഐ എന്ന ഓപ്പണ്‍സോഴ്‌സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി സൃഷ്ടിച്ച ചാറ്റ്ജി പിടി എന്ന രചനാത്മക എഐ സംവിധാനത്തില്‍ വന്‍നിക്ഷേപം നടത്താന്‍ തീരുമാനിച്ചതായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു.

1000 കോടി ഡോളര്‍ (ഏകദേശം 80,000 കോടിരൂപ) ആണ് മെക്രോസോഫ്റ്റ് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍, എന്നാല്‍,തുക എത്രയെന്നു കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

2019ല്‍ 100 കോടി ഡോളര്‍ (8100 കോടി രൂപ) നിക്ഷേപം നടത്തിക്കൊണ്ടാണു മൈക്രോസോഫ്റ്റ് ഓപ്പണ്‍ എഐയുമായി സഹകരണം ആരംഭിച്ചത്. നവംബര്‍ ആദ്യം ചാറ്റ്ജി പിടി എന്ന എഐ ചാറ്റ്‌ബോട്ട് പുറത്തിറക്കിയതോടെ ലോകമെങ്ങും എഐശ്രദ്ധ നേടി.

ഓപ്പണ്‍ എഐയുടെ ജിപിടി 3എന്ന എഐ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ ചാറ്റ്‌ബോട്ട് ആണ് ചാറ്റ്ജിപിടി. ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഇന്റര്‍നെറ്റില്‍ പരതാതെ തന്നെ ഉത്തരം നല്‍കാനും സര്‍ഗാത്മക രചനകള്‍ നടത്താനും ശേഷിയുള്ള ചാറ്റ്ജിപിടി സേര്‍ച് എന്‍ജിനായ ഗൂഗിളിനു വലിയ വെല്ലുവിളിയായേക്കുമെന്നാണു പ്രവചനങ്ങള്‍, മൈക്രോസോഫ്റ്റിന്റെ സേര്‍ച് എന്‍ജിന്‍ ആയ ബിങ്ങില്‍ ചാറ്റ്ജിപിടി സേവനം ഉള്‍പ്പെടുത്തുമെന്നു കമ്പനി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

 

TAGS: Chatgpt | Microsoft | Open AI |