ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ നിര്‍മിക്കാന്‍ 22,000 കോടി രൂപയുടെ പദ്ധതി ; കൈകോര്‍ത്ത് എയര്‍ബസും ടാറ്റായും

Posted on: October 28, 2022

ന്യൂഡല്‍ഹി: വ്യോമസേനയ്ക്കു വേണ്ടി ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ നിര്‍മിക്കാന്‍ യൂറോപ്യന്‍ വിമാന നിര്‍മാതാക്കളായ എയര്‍ബസും ഇന്ത്യന്‍ കമ്പനിയായ ടാറ്റായും കൈകോര്‍ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പ്രചാരണത്തിന് ഗുജറാത്തിലെ വഡോദരയിലാകും വിമാന നിര്‍മാണ പ്ലാന്റ്. 22,000 കോടി രൂപയുടെ പദ്ധതി 30ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ആയിരങ്ങള്‍ക്കു തൊഴിലവസരമൊരുക്കുന്ന പദ്ധതി നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിക്കും നേട്ടം. നേരത്തേ, വേദാന്ത ഗ്രൂപ്പിന്റെ സെമികണ്ടക്റ്റര്‍ നിര്‍മാണ യൂണിറ്റ് ഗുജറാത്തില്‍ തുടങ്ങാനുള്ള തീരുമാനവും സംസ്ഥാന സര്‍ക്കാരിന്റെ വികസനവാദത്തിന് ഊര്‍ജമായിരുന്നു. സ്വകാര്യ കമ്പനി ഇന്ത്യയില്‍ സൈനിക വിമാനം നിര്‍മിക്കുന്നത് ഇതാദ്യമെന്നു പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയ പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാര്‍ പറഞ്ഞു. സിവിലിയന്‍ ആവശ്യങ്ങള്‍ക്കും ഈ വിമാനം ഉപയോഗിക്കാം. വിമാനത്തിന്റെ ഭൂരിപക്ഷം ഘടകങ്ങളും പ്രാദേശികമായി നിര്‍മിക്കും. 125 ചെറുകിട ഇടത്തരം സംരംഭങ്ങളെ ഇതിനായി സഹകരിക്കും. ഇവര്‍ നിര്‍മിക്കുന്ന ഘടകങ്ങള്‍ പരിശോധിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വില്പനയ്ക്കും ഉപകരിക്കും.

2021 സെപ്റ്റംബറിലാണ് 56 സി-295 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസുമായി 22,000 കോടിയുടെ കരാര്‍ ഇന്ത്യ ഒപ്പിട്ടത്. വ്യോമസേനയിലെ പഴക്കംചെന്ന അവ്‌റോ- 748 വിമാനങ്ങള്‍ക്കു പകരമായാണ് സി- 295 വിമാനങ്ങള്‍.

അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ആദ്യ 16 വിമാനങ്ങള്‍ ‘ഫ്‌ലൈ എവേ’ കണ്ടിഷനില്‍ കൈമാറും. ശേഷിക്കുന്നവയാണ് ടാറ്റായുടെ പ്രതിരോധ നിര്‍മാണ ശാല 158 അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡിന് സാങ്കേതിക വിദ്യാകൈമാറ്റത്തിലൂടെ ഗുജറാത്തിലെ പ്ലാന്റില്‍ നിര്‍മിക്കുന്നത്. 40സി 295 വിമാനങ്ങള്‍ക്കു പുറമേ വ്യോമസേനയുടെ ആവശ്യത്തിന് മറ്റു വിമാനങ്ങളും വഡോദരയില്‍ നിര്‍മിക്കും.

വിമാന കയറ്റുമതിക്കും ലക്ഷ്യമുണ്ട്. സ്‌പെയ്‌നിലെ എയര്‍ബസ് യൂണിറ്റിലുള്ളതിന്റെ 96 ശതമാനം സംവിധാനങ്ങളും ഇവിടെയും സജ്ജമായതായി അജയ് കുമാര്‍ പറഞ്ഞു.

 

TAGS: Airbus | Tata |