ജി എസ് ടി വരുമാനം 1.24 ലക്ഷം കോടി

Posted on: April 5, 2021

മുംബൈ: രാജ്യത്തെ ചരക്ക്-സേവന നികുതി (ജി.എസ്.ടി.) വരുമാനം മാര്‍ച്ചില്‍ 1,23,902 കോടി രൂപയിലെത്തി. 2017 ജൂലായില്‍ ജി.എസ്.ടി. നടപ്പാക്കിയശേഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. 2020 മാര്‍ച്ചിലെ വരുമാനമായ 97,590 കോടി രൂപയെ അപേക്ഷിച്ച് 27 ശതമാനം വര്‍ധനയാണിത്. ആറുമാസമായി ജി.എസ്.ടി. വരുമാനം ഒരുലക്ഷം കോടി രൂപയ്ക്കു മുകളിലാണ്. മാത്രമല്ല, ഓരോ മാസവും വരുമാനത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നതായും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. കോവിഡ് സൃഷ്ടിച്ച സാമ്പത്തികാഘാതത്തില്‍നിന്ന് രാജ്യം കരകയറുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും ധനമന്ത്രാലയം പറയുന്നു.

മാര്‍ച്ചില്‍ കേന്ദ്ര ജി.എസ്.ടി.യായി 22,973 കോടി രൂപയും സംസ്ഥാന ജി.എസ്.ടി.യായി 29,329 കോടി രൂപയും സംയോജിത ജി. എസ്.ടി. (ഐ.ജി.എസ്.ടി.) ആയി 62,842 കോടി രൂപയുമാണ് ലഭിച്ചത്. വിവിധ സെസുകളിലൂടെ 8757 കോടി രൂപയും സമാഹരിച്ചിട്ടുണ്ട്.

കേരളത്തിന്റെ ജി.എസ്.ടി. വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം വര്‍ധനയാണ് മാര്‍ച്ചിലുണ്ടായിട്ടുള്ളത്. 2020 മാര്‍ച്ചില്‍ 1475.25 കോടി രൂപയായിരുന്നു വരുമാനമെങ്കില്‍ ഇത്തവണയിത് 1827.94 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

TAGS: GST |