ജി.എസ്.ടി. വരുമാനം 1.13 ലക്ഷം കോടി

Posted on: March 4, 2021

ന്യൂഡല്‍ഹി : തുടര്‍ച്ചയായി അഞ്ചാം മാസവും ജി.എസ്.ടി. വരുമാനം ഒരു ലക്ഷം കോടി പിന്നിട്ടു. ഫെബ്രുവരി യില്‍ 1.13 ലക്ഷം കോടിയാണ് ജി.എസ്.ടി. വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നികുതി വരുമാനത്തില്‍ ഏഴ് ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

അതേസമയം ഈ വര്‍ഷം ജനുവരിയെ അപേക്ഷിച്ചു വരുമാനത്തില്‍ കുറവുണ്ടാകുകയും ചെയ്തു. ജനുവരിയില്‍ 1.20 ലക്ഷം കോടിയായിരുന്നു ജി.എസ്.ടി. വരുമാനം, കേന്ദ്ര ധനമന്ത്രാലയമാണു കണക്കുകള്‍ പുറത്തുവിട്ടത്. ഫെബ്രുവരിയിലെ ആകെ നികുതി വരവില്‍ കേന്ദ്ര ജി.എസ്.ടി, 21,092 കോടി രൂപയും സംസ്ഥാന ജി.എസ്.ടി. 27,273 കോടി രൂപയും ഇന്റഗ്രേറ്റഡ് ജി.എസ്.ടി. 55,253 കോടി രൂപയുമാണ്.

നഷ്ടപരിഹാര സെസ് 9,525 കോടി രൂപയാണ്. തുടര്‍ച്ചയായി മൂന്നാം തവണയും വരുമാനം 1.1 ലക്ഷം കോടി പിന്നിട്ടെന്നു കണക്കുകള്‍ വ്യക്തമാക്കി. ലോക്ക്ഡൗണിനെ തുടര്‍ന്നു കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ജി.എസ്.ടി. വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു.

ജി.എസ്.ടിയില്‍ നിന്നുള്ള വരുമാനക്കുറവ് പഠിക്കാനും വരുമാനം ഉയര്‍ത്താനും സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.

 

TAGS: GST |