നാല് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നു

Posted on: February 16, 2021

മുംബൈ: നാലു പൊതുമേഖലാ ബാങ്കുകള്‍ കൂടി സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരികള്‍ വില്ക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ രണ്ടു ബാങ്കുകളുടെ ഓഹരികള്‍ 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ വില്ക്കും.

ഇടത്തരം ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണമാണു ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്, വരും വര്‍ഷങ്ങളില്‍ വലിയ ബാങ്കുകളും സ്വകാര്യവല്‍ക്കരിക്കാനാണു നീക്കമെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭൂരിപക്ഷം ഓഹരികളും കേന്ദ്ര സര്‍ക്കാര്‍ തന്നെ കൈവശംവയ്ക്കും.

നാലു ബാങ്കുകളുടെ ഓഹരികളും വരുന്ന സാമ്പത്തിക വര്‍ഷംതന്നെ വില്ക്കാനായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിനു താല്‍പ്പര്യം. എന്നാല്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് എതിര്‍പ്പിനു സാധ്യതയുണ്ടെന്ന്
ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

ബാങ്ക് ഓഫ് ഇന്ത്യയില്‍ 50,000, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 33,000, ഐ.ഒ.ബിയില്‍ 26,000, ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 13,000 ജീവനക്കാരാണുള്ളത്. ജീവനക്കാര്‍ കുറവുള്ള ബാങ്കുകളാകും ആദ്യംസ്വകാര്യവല്‍ക്കരിക്കുക എന്നാണു സൂചന.

 

TAGS: PSU Banks |