ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗാരന്റി ബില്ലിന് കേന്ദ്രം അനുമതി നല്‍കി

Posted on: July 29, 2021

ന്യൂഡല്‍ഹി : ബാങ്കുകള്‍ പൊളിഞ്ഞാലോ ഇടപാടുകള്‍ക്കു മൊറട്ടോറിയം ഏര്‍പ്പെടുത്തിയാലോ നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക 90 ദിവസത്തിനുള്ളില്‍ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട ‘ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ക്രെഡിറ്റ് ഗാരന്റികോര്‍പ്പറേഷന്‍ ബില്ലിന് കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അനുമതി നല്‍കി. നടപ്പുസമ്മേളനത്തില്‍ ബില്ലവതരിപ്പിക്കും.

ബാങ്കില്‍ എത്രരൂപയുടെ നിക്ഷേപമുണ്ടായാലും മുതലും പലിശയും ഉള്‍പ്പെടെ അഞ്ചുലക്ഷം രൂപയാണ് പരമാവധി ഇന്‍ഷുറന്‍സ് തുക ലഭിക്കുകയെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. നേരത്ത ഇത് ഒരുലക്ഷം രൂപയായിരുന്നു. കഴിഞ്ഞ കൊല്ലമാണ് അഞ്ചുലക്ഷമാക്കി ഉയര്‍ത്തിയത്. വാണിജ്യ ഇടപാടുകള്‍ നടത്തുന്ന എല്ലാ ബാങ്കുകളിലെയും നിക്ഷേപത്തിന് നിയമം ബാധകമാണ്.

ബാങ്ക് നിക്ഷേപങ്ങളുടെ 98.3 ശതമാനവും എല്ലാ ബാങ്കുകളിലുമുള്ള നിക്ഷേപമൂല്യത്തിന്റ 60.9 ശതമാനംവരും ഇത് ഇന്‍ഷുറന്‍സിന്റ പരിധിയില്‍ വരും.

ബാങ്കുകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയാല്‍ 45 ദിവസത്തിനകം നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിച്ച് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന് കൈമാറും. 100 രൂപയ്ക്ക് 12 പൈസ പ്രീമിയം നല്‍കിയാണ് ബാങ്കുകള്‍ നിക്ഷേപം ഇന്‍ഷുര്‍ ചെയ്യുന്നത്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, സ്ഥിരനിക്ഷേപം, റിക്കറിംഗ് ഡെപ്പോസിറ്റ് തുടങ്ങി എല്ലാവിധ അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാണ്.