ടാറ്റാ ഗ്രൂപ്പ് എയർ ഏഷ്യയിലെ ഓഹരിപങ്കാളിത്തം ഉയർത്തി

Posted on: December 30, 2020

കൊച്ചി : മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യയില്‍ നിന്ന് എയര്‍ ഏഷ്യ ഇന്ത്യയുടെ 32.67 ശതമാനം ഓഹരികള്‍ കൂടി ടാറ്റാ സണ്‍സ് സ്വന്തമാക്കി. 3.76 കോടി ഡോളറിന്റേതാണ് ഇടപാട്. അതായത്, ഏതാണ്ട് 275 കോടി രൂപ. ഇതോടെ, കമ്പനിയില്‍ ടാറ്റയ്ക്കുള്ള പങ്കാളിത്തം 51 ശതമാനത്തില്‍നിന്ന് 83.67 ശതമാനമായി ഉയര്‍ന്നു.

ഇന്ത്യന്‍ വംശജനായ മലേഷ്യന്‍ വ്യവസായി ടോണി ഫെര്‍ണാണ്ടസിന്റെ എയര്‍ ഏഷ്യയുടെ പങ്കാളിത്തം ഇതോടെ 49 ശതമാനത്തില്‍നിന്ന് 16.33 ശതമാനമായി കുറയുകയും ചെയ്യും. ഇടപാട് പൂര്‍ത്തിയായാല്‍ ഈ ഓഹരികള്‍ കൂടി സ്വന്തമാക്കാന്‍ ടാറ്റാ സണ്‍സിന് അവസരമുണ്ട്.

ആറു വര്‍ഷം മുമ്പാണ് ഇരുകൂട്ടരും ചേര്‍ന്ന് ഇന്ത്യയില്‍ വിമാനക്കമ്പനിക്ക് രൂപം നല്‍കിയത്. കോവിഡ് മഹാമാരി ആഗോളതലത്തില്‍ വ്യോമയാന വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എയര്‍ ഏഷ്യ ഇന്ത്യക്കാകട്ടെ കൂടുതല്‍ മൂലധനവും ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് മലേഷ്യന്‍ കമ്പനി ഇന്ത്യന്‍ അനുബന്ധ കമ്പനിയിലെ പങ്കാളിത്തം കുറച്ചത്. ജപ്പാനിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഈയിടെ എയര്‍ ഏഷ്യ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു.

അതിനിടെ, പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്ന ടാറ്റാ സണ്‍സിന് എയര്‍ ഏഷ്യ ഇന്ത്യയുടെ പൂര്‍ണ നിയന്ത്രണം ലഭിച്ചാല്‍ ലയനം എളുപ്പമാക്കാം. എയര്‍ ഏഷ്യ ഇന്ത്യക്കു പുറമെ, ‘വിസ്താര’ എന്ന വിമാനക്കമ്പനിയിലും ടാറ്റാ സണ്‍സിന് പങ്കാളിത്തമുണ്ട്. സിങ്കപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്നാണ് വിസ്താരയുടെ പ്രവര്‍ത്തനം. നീക്കം എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നതിനു മുന്നോടിയായി

 

TAGS: Air Asia | Tata Group |