കെ എഫ് സി വ്യവസായങ്ങൾക്ക് 1000 കോടി വായ്പ നൽകാനൊരുങ്ങുന്നു

Posted on: December 16, 2020

കൊച്ചി : സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് ഉണര്‍വേകാനായി 1,000 കോടി രൂപയുടെ പുതിയ വായ്പകള്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി.) അവതരിപ്പിക്കുന്നു. ഈ വര്‍ഷം ഇതിനോടകം 2,450 കോടി രൂപയുടെ വായ്പയാണ് കെ.എഫ്.സി. വിതരണം ചെയ്തിട്ടുള്ളത്. പുതിയ വായ്പ കൂടി ആകുമ്പോള്‍ ഈ വര്‍ഷത്തെ മൊത്തം വായ്പാ വിതരണം 3,450 കോടി രൂപയാകും.

കഴിഞ്ഞ വര്‍ഷം മൊത്തം 1,446 കോടി രൂപ വിതരണം ചെയ്ത സ്ഥാനത്താണ് ഈ നേട്ടമെന്ന് കെ.എഫ്.സി. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു. കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെയാണ് കെ.എഫ്.സി. വായ്പ നല്‍കുന്നത്. ഈട് കുറവുള്ള സംരംഭകര്‍ക്കും എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതിന് ഇത് കാരണമാകുന്നു.

സ്വന്തമായി വസ്തുവകകള്‍ ഇല്ലാത്ത സംരംഭകര്‍ക്ക് ഇനി മുതല്‍ തേര്‍ഡ് പാര്‍ട്ടി സെക്യൂരിറ്റിയും കെ.എഫ്.സി.യില്‍ നല്‍കാം. നിയമങ്ങളില്‍ അതിനുള്ള മാറ്റം വരുത്തി.

സംരംഭക വികസന പദ്ധതി

യാതൊരു ഈടും ഇല്ലാതെയാണ് കെ.എഫ്.സി. ഒരു ലക്ഷം വരെയുള്ള വായ്പകള്‍ സംരംഭക വികസന പദ്ധതിയില്‍ അനുവദിക്കുന്നത്. ഇതില്‍ പതിനായിരത്തില്പരം അപേക്ഷകള്‍ ഇതുവരെ ലഭിച്ചു കഴിഞ്ഞു. 1,000 കോടിയുടെ വായ്പയ്ക്കു പുറമെയാണിത്.

കോവിഡ് ‘അധിക വായ്പാ പദ്ധതി’

കോവിഡ് പ്രതിസന്ധി അതിജീവിക്കാനായി നല്‍കുന്ന 20 ശതമാനം ‘അധിക വായ്പാ പദ്ധതി’യുടെ കാലാവധി 2021 മാര്‍ച്ച് 31 വരെ നീട്ടി. പദ്ധതിയില്‍ ഇതുവരെ 379 സംരംഭകര്‍ക്കായി 233 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതു കൂടാതെ നിലവിലെ സംരംഭകര്‍ക്ക് അവരുടെ വായ്പകള്‍ പുനഃക്രമീകരിക്കാനും അവസരം നല്‍കും. പലിശ കുടിശ്ശികകള്‍ പുതിയ വായ്പയായി മാറ്റി തവണകളായി തിരിച്ചടയ്ക്കാനുള്ള സൗകര്യവും നല്‍കും.

സിനിമാ വായ്പ

തിേയറ്ററുകള്‍ നിശ്ചലമായ വേളയില്‍ സിനിമാ വ്യവസായത്തിന് ഉണര്‍വേകാന്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സഹകരിച്ച് വ്യവസ്ഥകളോടെ സിനിമകള്‍ക്കുള്ള വായ്പകള്‍ പുനരാരംഭിക്കാനും കെ.എഫ്.സി. തീരുമാനിച്ചു. മുന്‍ കാലങ്ങളില്‍ സിനിമാ വ്യവസായത്തിന് നല്‍കിയ വായ്പകള്‍ ഭൂരിഭാഗവും കിട്ടാക്കടമായി മാറിയിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളെ പോലെ കെ.എഫ്.സി.യും വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. ബാങ്കുകളില്‍നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വായ്പ എടുത്താണ് സംരംഭകര്‍ക്ക് കെ. എഫ്.സി. പണം നല്‍കുന്നത്.

കോവിഡ് കാലത്തും ബാങ്കുകള്‍ കെ.എഫ്.സി.ക്ക് ഇളവുകളോ, മൊറട്ടോറിയമോ അനുവദിച്ചിട്ടില്ലെന്ന് സി.എം.ഡി. അറിയിച്ചു. തിരിച്ചടവ് മുടക്കിയവരുടെ വിവരങ്ങള്‍ സിബിലില്‍ അപ്ലോഡ് ചെയ്യാന്‍ തുടങ്ങിയതോടെ കെ.എഫ്.സി.യുടെ വായ്പ തിരിച്ചടവില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്.

TAGS: KFC |