കെഎഫ്‌സിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 4 സംരംഭകര്‍ക്കു ദേശീയ പുരസ്‌കാരം

Posted on: November 19, 2022

തിരുവനന്തപുരം : എട്ടാമത് കോസിഡിസി വാര്‍ഷിക അവാര്‍ഡില്‍ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 4 സംരംഭങ്ങള്‍ രാജ്യത്തെ മികച്ച സംരംഭങ്ങക്കുള്ള അവാര്‍ഡിന് അര്‍ഹരായി. രാജസ്ഥാനിലെ ജോധ്പുരില്‍ 17നു നടന്ന ചടങ്ങില്‍ രാജസ്ഥാന്‍ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി ശകുന്തള റാവത് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

തൃശൂരില്‍ നിന്നുള്ള അക്വാ സ്റ്റാര്‍, കൊല്ലത്ത് നിന്നുള്ള ദേവ് സ്‌നാക്ക്‌സ്, കണ്ണൂരില്‍ നിന്നുള്ള എലഗന്റ് ഇന്റീരിയര്‍ ആന്‍ഡ് മോഡുലാര്‍ കിച്ചന്‍, എറണാകുളത്ത് നിന്നുള്ള ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ എന്നീ സംരംഭങ്ങളാണ് അവാര്‍ഡിന് അര്‍ഹരായത്.

ദേവ് സ്‌നാക്ക്‌സ് ഡയറക്റ്റര്‍ ആര്‍. റോനക്ക്, എലഗന്റ് ഇന്റീരിയര്‍ ആന്‍ഡ് മോഡുലാര്‍ കിച്ചന്‍ ഡയറക്റ്റര്‍ കെ. രഞ്ജിത്ത്, ഫാര്‍മേഴ്‌സ് ഫഷ് സോണ്‍ മാനെജിംഗ് ഡയറക്റ്റര്‍ പി.എസ്. പ്രദീപ് എന്നിവര്‍ ചടങ്ങില്‍ അവാര്‍ഡുകള്‍ കെപ്പറ്റി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനെജിംഗ് ഡയറക്റ്റര്‍ സഞ്ജയ് കൗള്‍, എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ പ്രേംനാഥ് രവീന്ദ്രനാഥ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

രാജ്യത്തെ സംസ്ഥാന തല ധനകാര്യ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കോസിഡിസി. സംസ്ഥാനതല ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കിയിട്ടുള്ള മികച്ച സംരംഭങ്ങള്‍ക്ക് ഈ സ്ഥാപനം എല്ലാ വര്‍ഷവും ബഹുമതികള്‍ നല്‍കാറുണ്ട്.

TAGS: KFC |