ലക്ഷ്മി വിലാസ് ബാങ്ക്-ഡി.ബി.എസ്. ലയനത്തിന് അനുമതി

Posted on: November 26, 2020

ന്യൂഡല്‍ഹി: നഷ്ടത്തിലായ ലക്ഷ്മി വിലാസ് ബാങ്കിനെ സ്വകാര്യ ബാങ്കായ ഡി.ബി.എസ്. ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള റിസര്‍വ് ബാങ്ക് നിര്‍ദേശത്തിന് മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നല്‍കി. 2500 കോടി രൂപ ഡി.ബി.എസ്. മുതല്‍മുടക്കും. ലക്ഷ്മി വിലാസ് ബാങ്കിലെ 20 ലക്ഷം നിക്ഷേപകരുടെ നിക്ഷേപം സുരക്ഷിതമാണെന്ന് മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

4000 ജീവനക്കാരാണ് ബാങ്കിലുള്ളത്. അവരുടെ ജോലിസുരക്ഷിതത്വംകൂടി ഉറപ്പാക്കും. ബാങ്കിന്റെ പ്രതിസന്ധിക്ക് ഉത്തരവാദികളായവരെ കണ്ടെത്തി നടപടിയെടുക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ലക്ഷ്മി വിലാസ് ബാങ്കിന് റിസര്‍വ് ബാങ്ക് നവംബര്‍ 17-ന് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. പിന്‍വലിക്കാവുന്ന നിക്ഷേപം 25,000 രൂപയായും നിജപ്പെടുത്തി. ലയനം നടക്കുന്നതോടെ പണം പിന്‍വലിക്കുന്നതിനുള്ള വിലക്ക് നീങ്ങും.