ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികൾ ഡീലിസ്റ്റ് ചെയ്തു ; ഓഹരിയുടമകൾക്ക് കനത്ത നഷ്ടം

Posted on: November 27, 2020

ചെന്നൈ : ഡിബിഎസ് ബാങ്കിൽ ലയിപ്പിച്ച ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി വില്പന സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ സസ്‌പെൻഡ് ചെയ്തു. ഡിബിഎസ് ബാങ്കുമായുള്ള ലയനം യാഥാർത്ഥ്യമായതോടെ ലക്ഷ്മിവിലാസ് ബാങ്ക് ഓഹരികൾ സ്വമേധയ ഡീലിസ്റ്റഡായി. ഇതോടെ റീട്ടെയ്ൽ നിക്ഷേപകർ കനത്ത നഷ്ടം നേരിടേണ്ടി വന്നിരിക്കുകയാണ്. ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഓഹരി ഒന്നിന് 7.65 രൂപയായിരുന്നു ക്ലോസിംഗ് നിരക്ക്. ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും സാധാരണക്കാരായ നിക്ഷേപകരുടെ കൈവശമാണ്. നിർബന്ധിത ലയനമായതിനാൽ 97,000 ൽപ്പരം വരുന്ന ചെറുകിട ഓഹരി നിക്ഷേപകർക്ക് ഒരു രൂപ പോലും തിരികെ ലഭിക്കാനിടയില്ല.

തമിഴാനാട്ടിലെ കാരൂർ ആസ്ഥാനമായി 1926 ൽ ആരംഭിച്ച ലക്ഷ്മി വിലാസ് ബാങ്ക് 2014 ൽ ആണ് ആസ്ഥാനം ചെന്നൈയിലേക്ക് മാറ്റിയത്. ബാങ്കിന് ഇപ്പോൾ 563 ശാഖകളും ആയിരത്തിലേറെ എടിഎമ്മുകളും ഏഴ് റീജണൽ ഓഫീസുകളുമുണ്ട്. കേരളത്തിൽ ലക്ഷ്മി വിലാസ് ബാങ്കിന് 13 ശാഖകളാണുള്ളത്.