ഡിബിഎസ് ബാങ്ക് 2500 കോടി മുതൽമുടക്കി ലക്ഷ്മിവിലാസ് ബാങ്കിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു

Posted on: November 19, 2020

മുംബൈ: നൂറുവര്‍ഷത്തിനടുത്ത് പ്രവര്‍ത്തനപാരമ്പര്യമുള്ള ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുക്കുന്നതിലൂടെ ഇന്ത്യയില്‍ വേഗത്തില്‍ പ്രവര്‍ത്തനം വിപുലമാക്കുകയാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ ലക്ഷ്യമിടുന്നത്.

26 വര്‍ഷമായി ഇന്ത്യയില്‍ സാന്നിധ്യമുണ്ടെങ്കിലും ഇപ്പോഴും ബാങ്കിന്റെ പ്രവര്‍ത്തനം 24 നഗരങ്ങളില്‍ മാത്രമാണുള്ളത്. ലക്ഷ്മി വിലാസ് ബാങ്കിനാകട്ടെ 16 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 563 ശാഖകളുണ്ട്. അഞ്ച് എക്‌സ്റ്റെന്‍ഷന്‍ കൗണ്ടറുകളും 974 എ.ടി.എമ്മുകളുമുണ്ട്. ഏറ്റെടുക്കല്‍ സാധ്യമായാല്‍ ഈ വിപുലമായ ശൃംഖല ഡി.ബി.എസ്. ബാങ്ക് ഇന്ത്യക്ക് രാജ്യത്ത് വലിയ കരുത്തായിമാറുമെന്നാണ് വിലയിരുത്തുന്നത്.

സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള ഡി.ബി.എസ്. ബാങ്കിന്റെ ഇന്ത്യന്‍ ഉപസ്ഥാപനമാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ. 1994-ല്‍ ആദ്യ ഓഫീസും അടുത്തവര്‍ഷം ആദ്യശാഖയും തുറന്നെങ്കിലും ഇന്ത്യന്‍ വിഭാഗത്തിന് രൂപംനല്‍കുന്നത് 2019 മാര്‍ച്ചില്‍ മാത്രമായിരുന്നു. 24 നഗരങ്ങളിലായി 27 ശാഖകള്‍ ഇതിനകം തുറന്നിട്ടുണ്ട്.

ശാഖകള്‍ കുറവാണെങ്കിലും ഇന്ത്യയിലെ ഡിജിറ്റല്‍ ബാങ്കിങ് മേഖലയില്‍ ഡി.ബി.എസ്. ഇന്ത്യക്ക് വലിയ സാന്നിധ്യമാണുള്ളത്.ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി ഡിജിറ്റല്‍വായ്പകള്‍ അടക്കം പദ്ധതികള്‍ അവതരിപ്പിച്ചതിലൂടെ മികച്ച ലാഭമുണ്ടാക്കാനും ബാങ്കിനായി. 2019-’20 സാമ്പത്തിക വര്‍ഷം 111 കോടി രൂപയുടെ ലാഭമാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ സ്വന്തമാക്കിയത്.ആറുമടങ്ങാണ് ലാഭവര്‍ധന. നിഷ്‌ക്രിയ ആസ്തി 2.6 ശതമാനം മാത്രമാണെന്നതും ശ്രദ്ധേയമാണ്.

റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തിനുപിന്നാലെ ഏറ്റെടുക്കലിനു അനുമതിലഭിച്ചാല്‍ ലക്ഷ്മി വിലാസ് ബാങ്കില്‍ 2500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുക്കുന്നതിനായി ക്ലിക്‌സ് കാപിറ്റല്‍ പദ്ധതിയിട്ടിരുന്നെങ്കിലും നടപടികള്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു.