ലുലു ഗ്രൂപ്പിൽ വീണ്ടും അബുദാബി രാജകുടുംബത്തിന്റെ നിക്ഷേപം

Posted on: October 20, 2020

അബുദാബി : മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പില്‍ അബുദാബി രാജകുടുംബം വീണ്ടും നിക്ഷേപം നടത്തുന്നു. 7,500 കോടി രൂപ (100 കോടി ഡോളര്‍) ആണ് ഇത്തവണത്തെ നിക്ഷേപം.

അബുദാബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതും രാജകുടുംബാംഗം ശൈഖ് താനൂണ്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചെയര്‍മാനായതുമായ എ.ഡി.ക്യു. എന്ന കമ്പനിയാണ് നിക്ഷേപം നടത്തുന്നത്. ഈജിപ്തില്‍ വ്യാപാരം കൂട്ടാനുള്ള പദ്ധതിക്കായാണ് ഈ നിക്ഷേപം. ഈജിപ്തില്‍ 30 ഹൈപ്പര്‍മാര്‍ക്കറ്റുകളും 100 മിനി മാര്‍ക്കറ്റുകളും ഇതിന്റെ ഭാഗമായി ലുലു ആരംഭിക്കും.

ഇത് രണ്ടാം തവണയാണ് ലുലുവില്‍ എ.ഡി.ക്യു. നിക്ഷേപിക്കുന്നത്. കഴിഞ്ഞ മാസം 8,200 കോടി രൂപയായിരുന്നു നിക്ഷേപിച്ചത്. ഇന്ത്യയും ഖത്തറും ഒഴികെയുള്ള രാജ്യങ്ങളിലെ റീട്ടെയ്ല്‍ പ്രവര്‍ത്തനത്തിനായിട്ടായിരുന്നു ഈ നിക്ഷേപം. കഴിഞ്ഞ ആഴ്ച സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള കമ്പനിയും ലുലുവില്‍ വലിയ നിക്ഷേപം നടത്തിയിരുന്നു.

ലുലുവും എ.ഡി.ക്യു.വും തമ്മിലുള്ള പുതിയ നിക്ഷേപം സംബന്ധിച്ച കരാറില്‍ അബുദാബി കമ്പനി സി.ഇ.ഒ. മുഹമ്മദ് ഹസ്സന്‍ അല്‍ സുവൈദിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ഒപ്പുവെച്ചു. ഈജിപ്തില്‍ റീട്ടെയ്ല്‍ ശൃംഖല വിപുലീകരിക്കുന്നതിനൊപ്പം ആധുനിക സൗകര്യങ്ങളോടെയുള്ള ലോജിസ്റ്റിക് സെന്റര്‍ സ്ഥാപിക്കാനും ഇ-കൊമേഴ്‌സ് വിപുലീകരണത്തിനും പുതിയ നിക്ഷേപം ഉപയോഗിക്കും. മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തിനകം പുതിയ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. മലയാളികള്‍ ഉള്‍പ്പെടെ 12,000-ത്തോളം പേര്‍ക്ക് ഈജിപ്തില്‍ തൊഴില്‍ ലഭ്യമാക്കാന്‍ ഈ പദ്ധതികളിലൂടെ സാധിക്കും. ലുലുവിന്റെ ഈജിപ്തിലെ രണ്ടാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് കഴിഞ്ഞ മാസം കെയ്റോ ഹെലിയോപ്പോളീസില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

ലുലു ഗ്രൂപ്പിലുള്ള വിശ്വാസമാണ് വീണ്ടുമുള്ള നിക്ഷേപം സൂചിപ്പിക്കുന്നതെന്നും ഇതിന് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോടും മറ്റ് രാജകുടുംബങ്ങളോടും നന്ദി പറയുന്നതായും എം.എ. യൂസഫലി പറഞ്ഞു.