എയർഏഷ്യ വിമാനം കടലിനടിയിലെന്ന് സൂചന

Posted on: December 29, 2014

Air-Asia-Flight-search-Big എയർഏഷ്യ വിമാനം ജാവ കടലിൽ തകർന്നു വീണതായി സൂചന. വിമാനത്തിനായി തെരച്ചിൽ നടത്തുന്ന ഓസ്‌ട്രേലിയൻ വൈമാനികർ കടൽപ്പരപ്പിൽ രണ്ടിടത്ത് എണ്ണപ്പാടകൾ കണ്ടെത്തി. തെരച്ചിൽ നടത്തുന്ന ഇന്തോനേഷ്യൻ കപ്പലുകൾ ഈ ഭാഗത്തേക്ക് നീങ്ങിയിട്ടുണ്ട്. മോശം കാലാവസ്ഥയിൽ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം കടലിൽ പതിച്ചിട്ടുണ്ടാകുമെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ജാവ സമുദ്രത്തിന്റെ ഏഴ് മേഖലകളിലാണ് അന്വേഷണം തുടരുന്നത്.

ഇന്തോനേഷ്യൻ എയർഫോഴ്‌സ്, നേവി എന്നിവയ്ക്ക് പുറമെ, സിംഗപ്പൂർ, മലേഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാവിലെയാണ് സുരബായ വിമാനത്താവളത്തിൽ നിന്നു സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയർഏഷ്യ വിമാനം അപ്രത്യക്ഷമായത്. 155 യാത്രക്കാരും 7 വിമാനജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബോർണിയോ ദ്വീപിനും തെക്കൻ സുമാത്രയ്ക്കും മധ്യേ ജാവ സമുദ്ര മേഖലയിൽ വച്ചാണ് എ 320-200 വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമായത്.

Air-Asia-Flight-QZ8501-Relaയാത്രക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളും സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിലും സുരബായ എയർപോർട്ടിലും കാത്തിരിപ്പ് തുടരുകയാണ്. ഇരു വിമാനത്താവളങ്ങളിലും ഏയർ ഏഷ്യ എമർജൻസി റെസ്‌പോൺസ് സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. അന്വേഷണം ഏകോപിപ്പിക്കാൻ എയർഏഷ്യ സിഇഒ ടോണി ഫെർണാണ്ടസ് ഇന്നലെ രാത്രി സുരാബായയിൽ എത്തിച്ചേർന്നു.