എയർഏഷ്യ വിമാനദുരന്തം 40 ലേറെ മൃതദേഹങ്ങൾ കണ്ടെടുത്തു

Posted on: December 30, 2014

Air-Asia-Dead-bodies-retrie

എയർഏഷ്യ വിമാനദുരന്തത്തിൽ മരണമടഞ്ഞ 40 ലേറെ യാത്രക്കാരുടെ മൃതദേഹങ്ങൾ ജാവ സമുദ്രത്തിൽ നിന്നും കണ്ടെടുത്തതായി ഇന്തോനേഷ്യൻ നേവി.ഇന്ന് ഉച്ചയോടെയാണ് ബോർണിയോ ദ്വീപിന് സമീപം സമുദ്രത്തിൽ വിമാനവശിഷ്ടങ്ങളും മൃതദേഹങ്ങളും രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.

ജാവസമുദ്രത്തിലെ 10,000 ചതുരശ്ര നോട്ടിക് മൈൽ പ്രദേശത്ത് 30 കപ്പലുകളും 21 വിമാനങ്ങളുമാണ് ഇന്ന് തെരച്ചിലിൽ ഏർപ്പെട്ടിരിക്കുന്നത്. ഇന്തോനേഷ്യയ്ക്ക് പുറമെ ഓസ്‌ട്രേലിയ, മലേഷ്യ, സിംഗപ്പൂർ, സൗത്ത് കൊറിയ, യുഎസ്എ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും കപ്പലുകളും രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.

സുരബായയിൽ നിന്നും സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയർഏഷ്യ ക്യുഇസഡ് 8501 വിമാനം ഞായറാഴ്ച രാവിലെയാണ് ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായത്. എയർബസ് എ 320-200 വിമാനം മോശം കാലവസ്ഥയിൽ സമുദ്രത്തിലേക്ക് തകർന്നു വീഴുകയായിരുന്നുവെന്നാണ് വ്യോമയാന വൃത്തങ്ങളുടെ നിഗമനം. 155 യാത്രക്കാരും 7 വിമാനജോലിക്കാരും ഉൾപ്പടെ 162 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.