കരിപ്പൂരില്‍ വന്‍ വിമാനദുരന്തം : മരണം 17, നിരവധിപേര്‍ക്ക് പരിക്ക്

Posted on: August 8, 2020

കരിപ്പൂര്‍ : കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്നു വിമാനം 35 അടി താഴ്ചയിലേക്കുപതിച്ച് പൈലറ്റും കോ പൈലറ്റും ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. രണ്ടായി പിളര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്നു ഗുരുതര പരിക്കുകളുമായി നൂറിലേറെ പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിമാനം ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തിലാണ് പലര്‍ക്കും പരുക്കേറ്റത്.

വന്ദേഭാരത് രക്ഷാ ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്നു കോഴിക്കോട്ടെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് (ഐഎക്‌സ് 1334) വിമാനമാണ് ഇന്നലെ രാത്രി 7.41 ന് അപകടത്തില്‍പെട്ടത്. 40 കുട്ടികളടക്കം 184 യാത്രക്കാരും 7 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യോമസേനാ വിംഗ് കമാന്‍ഡറായി വിരമിച്ച ഡി. വി. ലാഠെ ആയിരുന്നു പൈലറ്റ്. അഖിലേഷ് കുമാറായിരുന്നു കോ-പൈലറ്റ്.

കനത്ത മഴയെത്തുടര്‍ന്നുണ്ടായ കാഴ്ചാ തടസ്സവും റണ്‍വേയിലെ വെള്ളക്കെട്ടുമാണ് അപകടമുണ്ടാക്കിയതെന്ന് പ്രാഥമിക നിഗമനം.