റൺവേ വിപുലീകരണ പദ്ധതി ത്വരിതപ്പെടുത്തണമെന്ന് ഡോ. ആസാദ് മൂപ്പൻ

Posted on: August 8, 2020

ദുബായ് : മറ്റൊരു ദുരന്തം ഒഴിവാക്കാൻ കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ വിപുലീകരണ പദ്ധതി ത്വരിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, സിവിൽ ഏവിയേഷൻ മന്ത്രി, ഹർദീപ് സിംഗ് പുരി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ എന്നിവരോട് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ അഭ്യർത്ഥിച്ചു.

റൺവേ വിപുലീകരണത്തിന് വർഷങ്ങളായി പലതലങ്ങളിൽ ശ്രമങ്ങൾ നടന്നുവരികയാണ്. ഭൂമി ലഭ്യതയാണ് വിപുലീകരണത്തിന് പ്രധാന തടസം. ഭാവിയിൽ ഇതു പോലുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ റൺവേ വികസനത്തിന് ആവശ്യമായ ഭൂമി വിട്ടു നൽകണമെന്ന് പ്രദേശവാസികളോടും അദ്ദേഹം അഭ്യർത്ഥിച്ചു.

എംപിമാരായ എം.കെ.രാഘവനും പി.കെ.കുഞ്ഞാലിക്കുട്ടിയും വിമാനത്താവളത്തിന്റെ വികസനകാര്യങ്ങളിൽ കാണിക്കുന്ന താത്പര്യം പ്രശംസനീയമാണ്. കരിപ്പൂർ വിമാനത്താവളം പബ്ലിക്, പ്രൈവറ്റ് പാർട്ടണർഷിപ്പ് മാതൃകയിൽ വികസിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോടും എയർപോർട്ട് അഥോറിട്ടിയോടും ഡോ. ആസാദ് മൂപ്പൻ ആവശ്യപ്പെട്ടു.

കരിപ്പൂർ വിമാന ദുരന്തത്തിൽപ്പെട്ട 49 പേരെ ആസ്റ്റർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൈലറ്റ് ദീപക് സാഥേ, കോ-പൈലറ്റ് അഖിലേഷ് കുമാർ എന്നിവരുൾപ്പടെ 44 പേരെ കോഴിക്കോട്ടെ ആസ്റ്റർ മിംസിലും 5 പേരെ കോട്ടക്കൽ ആസ്റ്റർ മിംസിലും അഡ്മിറ്റ് ചെയ്തു.

സംഭവം അറിഞ്ഞയുടനെ ഡോക്ടർമാർ, നേഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരടങ്ങുന്ന ആസ്റ്റർ ഡിസാസ്റ്റർ റെസ്‌പോൺസ് ടീമിനെ സജ്ജരാക്കിയതായി ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. അർഹരായ എല്ലാ രോഗികൾക്കും സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.