ഗൂഗിൾ ഇന്ത്യയിൽ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് സുന്ദർ പിച്ചൈ

Posted on: July 14, 2020

ന്യൂഡൽഹി : ഇന്ത്യയിൽ അടുത്ത 7 വർഷത്തിനുള്ളിൽ 75,000 കോടി രൂപ (10 ബില്യൺ ഡോളർ) നിക്ഷേപിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഗൂഗിളിന്റെ ഡിജിറ്റൈസേഷൻ ഫണ്ട് മുഖേനെയായിരിക്കും നിക്ഷേപം. ഫേസ് ബുക്കും ആമസോണും ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്തുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഗൂഗിൾ ഫോർ ഇന്ത്യയുടെ ആറാം വാർഷിക പരിപാടിയിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുന്ദർ പിച്ചൈ ചർച്ചനടത്തി. രാജ്യത്തെ കർഷകരുടെയും യുവജനങ്ങളുടെയും ഉന്നമനത്തിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്ന ചർച്ച.

പ്രധാനമായും നാല് മേഖലകൾ കേന്ദ്രീകരിച്ചായിരിക്കും ഗൂഗിളിന്റെ നിക്ഷേപം. ഇന്ത്യൻ കമ്പനികളിലെ മൂലധന നിക്ഷേപം, ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ വിവരങ്ങൾ ലഭ്യമാക്കൽ, ഇന്ത്യൻ സാഹചര്യങ്ങൾക്ക് ആവശ്യമായ പുതിയ ഉത്പന്നങ്ങളും സേവനങ്ങളും, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗപ്പെടുത്തൽ എന്നീ കാര്യങ്ങളിലായിരിക്കും ഗൂഗിളിന്റെ മുതൽമുടക്ക്.

TAGS: Google | Sundar Pichai |